കൊറോണ വൈറസിനെതിരെ ഡിഎംഎ
Monday, March 23, 2020 5:44 PM IST
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ കേന്ദ്രകമ്മിറ്റിയോടൊപ്പം 25 ശാഖകളും ഒത്തൊരുമയോടെ കൊറോണയുടെ വ്യാപനം കൈപ്പിടിയിൽ ഒതുക്കാനുള്ള സർക്കാരിന്‍റെ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്ന് പ്രസിഡന്‍റ് കെ. രഘുനാഥ് അഭ്യർഥിച്ചു.

ഡിഎംഎയുടെ ഓരോ കുടുംബങ്ങളേയും അവരുടെ അയൽവാസികളെയും മഹാമാരി പടരുന്നതിന് തടയിടാൻ തങ്ങളാൽ കഴിയുന്ന സഹായങ്ങൾ നൽകാനുള്ള സന്മനസു കാട്ടണമെന്ന് എല്ലാ ഏരിയ ഭാരവാഹികളോടും അദ്ദഹം അഭ്യർഥിച്ചു.

മറ്റു രാജ്യങ്ങളിലുണ്ടായതുപോലെ അടുത്ത രണ്ടാഴ്ചക്കാലം നാം കൊറോണയുടെ വളരെ ദുർഘടമായ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും ലോക ജനത നേരിടുന്ന ഈ ആപത് ഘട്ടത്തിൽ അങ്ങനെയൊന്ന് ഭാരത ഭൂമിയിൽ സംഭവിക്കാതിരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിക്കുന്ന എല്ലാ നിബന്ധനകളും പാലിക്കാൻ എല്ലാവരും തയാറാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

രോഗാതുരരായവരെ തങ്ങളുടെ ഊണും ഉറക്കവുമുപേക്ഷിച്ച് രക്ഷിക്കുവാൻ കഠിന പ്രയത്നം ചെയ്യുന്ന ഡോക്ടർമാരുടെയും ആരോഗ്യ രംഗത്തെയും നഴ്സിംഗ് മേഖലയിലെ സഹോദരീ സഹോദരന്മാരുടെയും പ്രവർത്തനങ്ങൾക്ക് ഡിഎംഎ പ്രസിഡന്‍റ് രഘുനാഥ് അഭിവാദ്യമർപ്പിച്ചു.

അതുപോലെ സമയാസമയങ്ങളിൽ പോലീസും അഡ്മിനിസ്ട്രേഷനും ദൃശ്യ-ശ്രവ്യ മാധ്യമ പ്രവർത്തകരും സാധാരണ ജനങ്ങളെ ബോധവൽക്കരിക്കുവാൻ നൽകുന്ന പ്രവർത്തനങ്ങളെയും പ്രസിഡന്‍റ് കെ. രഘുനാഥ് പ്രശംസിച്ചു.