ടെലി സിനിമ പ്രദർശനവും അവാർഡ് വിതരണം 22 ന്
Friday, February 21, 2020 9:47 PM IST
ന്യൂഡൽഹി: ദീന പ്രൊഡക്ഷന്‍റെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്തും കലാസംവിധായകനുമായ റോയ് പി. തോമസ് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ച താഴ്വാരം പിന്നെയും പൂത്തപ്പോൾ എന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള ടെലിസിനിമയുടെ പ്രദർശനവും അവാർഡ് ദാനവും ഫെബ്രുവരി 22 നു (ശനി) വൈകുന്നേരം ആറിന് ഡൽഹി മഹാദേവ് റോഡിലെ ഫിലിം ഡിവിഷൻ ഓഡിറ്റോറിയത്തിൽ നടക്കും.

പ്രവാസ ജീവിതത്തിൽ ഒറ്റപെടേണ്ടി വന്ന ഒരു പ്രവാസിയുടെ ജീവിതാനുഭവമാണ് കഥയ്ക്ക് ആധാരം. തിരുവനന്തപുരം കലഭാവൻ തീയേറ്റർ ഉൾപ്പെടെ റിലീസ് ചെയ്തു 2 മാസങ്ങൾക്കിടയിൽതന്നെ മികച്ച കഥക്കും സംവിധാനത്തിനും മികച്ച നടനും ഉൾപ്പെടെ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ടെലിഫിലിമിൽ ഡൽഹി മലയാളികൾ മാത്രമാണ് അഭിനേതാക്കൾ.

ഡബ്ല്യുഎംസി ഡൽഹി പ്രൊവിൻസ് പ്രസിഡന്‍റ് ഡൊമനിക് ജോസഫിനൊപ്പം ജീന എസ്. നായർ, ജെറോം ഇടമൺ, ഷാജോ പടിക്കൽ, വിനോദ് കുമാർ, ജസ്റ്റിൻ ജിനേഷ്, ജോൺ ഡൊമനിക്, അന്ന ഡോൾഫി എന്നിവരും വിവിധ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഡോ. ജോയ് വാഴയിൽ ഐഎഎസ് കവിതയും സിജോ ചേലക്കര സംഗീതാലാപനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.

തിരുവനന്തപുരം സ്നേഹസ്പർസം ചാരിറ്റി ഫൗണ്ടേഷന്‍റെ കലാഭവൻ മണി സ്മാരക ബെസ്റ്റ് ആക്ടർ അവാർഡ്, ഡൊമനിക് ജോസഫ് സോഷ്യൽ ആക്ടിവിസ്റ്റ് അവാർഡ്, കെ. രഘുനാഥ് ബിനസ് എക്സലൻസ് അവാർഡ്, ബാബു പണിക്കർ ഏറ്റുവാങ്ങും. സ്നേഹസ്പർശം ചാരിറ്റി ഫൗണ്ടേഷൻ സ്ഥാപകൻ സുരേഷ് മാധവ് പാച്ചല്ലൂരിനേയും കാർട്ടൂണിസ്റ്റ് സുധീർ നാഥിനേയും നാടൻ പാട്ടുകാരൻ സാബു ലാലിനേയും ടെലിഫിലിം അഭിനേതാക്കളേയും ചടങ്ങിൽ ഡബ്ല്യുഎംഎഫ് ഡൽഹി പ്രൊവിൻസ് ആദരിക്കും. തുടർന്നു കലാഭവൻ സ്മാരക നാടൻ പാട്ടുകളും ഉണ്ടായിരിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്