ജര്‍മനിയെയും ബ്രിട്ടനെയും ഭീതിയിലാഴ്ത്തി കൊടുങ്കാറ്റ് ആഞ്ഞുവീശി
Monday, February 10, 2020 10:23 PM IST
ബര്‍ലിന്‍: ജര്‍മനിയെയും ( സബിനെ) ബ്രിട്ടനെയും (സിയാറ ) അക്ഷരാര്‍ഥത്തില്‍ വിറപ്പിച്ച് കൊടുങ്കാറ്റ് പ്രയാണം തുടരുകയാണ്. ഞായറാഴ്ച ഉച്ചകഴിഞ്ഞു മുതല്‍ തിങ്കളാഴ്ച രാത്രിവരെയാണ് കൊടുങ്കാറ്റിന്‍റെ താണ്ടവം നേരത്തെ തന്നെ കാലാവസ്ഥാകേന്ദ്രം പ്രവചിച്ചിരുന്നത്.

മണിക്കൂറില്‍ 120 മുതല്‍ 150 വരെ കിലോമീറ്റര്‍ വേഗതയില്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്നുള്ള പ്രവചനത്തിന്‍റെ അടിസ്ഥാനത്തില്‍ ഭരണകൂടങ്ങള്‍ വേണ്ടത്ര മുന്‍കരുതലുകളും അപായ സൂചനകളും മുന്നറിയിപ്പും നല്‍കിയിരുന്നു.

തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മോട്ടോര്‍വേകള്‍, റെയില്‍വേ, ഫ്ളൈറ്റ് സര്‍വീസുകള്‍ തുടങ്ങിയ ഒട്ടനവധി മേഖലയില്‍ സുരക്ഷാ സംവിധാനം വര്‍ധിപ്പിച്ചു. ഒട്ടനവധി ട്രെയിന്‍, വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ ഗതാഗത മേഖല തന്നെ ഏറെക്കുറെ നിശ്ചലമായി.നിരത്തുകളില്‍ വാഹനങ്ങള്‍ തുലോം കുറവായി.

കൊടുംങ്കാറ്റിനെതുടർന്നുണ്ടായ മാര്‍ഗതടസങ്ങള്‍ മൂലം ജര്‍മനിയുടെ പകുതിഭാഗവും ഗതാഗതക്കുരുക്കില്‍ കുടുങ്ങുകയും ചെയ്തു.പ്രവചിച്ച സമയത്തു തന്നെ സബിനെ കൊടുങ്കാറ്റ് തെക്ക് ഭാഗം മുതല്‍ ആഞ്ഞടിക്കാന്‍ തുടങ്ങിയിരുന്നു. കൊടുങ്കാറ്റിനൊപ്പം രാത്രിയില്‍ കനത്ത മഴയും ഉണ്ടായി.

സബിനെ ചുഴലിക്കാറ്റ് രാജ്യത്തിന്‍റെ എല്ലായിടത്തും തന്നെ ശക്തമായി വിശിയടിച്ചെങ്കിലും ഇതുവരെ ആളപായം ഒന്നുേം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ജോലിക്കാരെ കാര്യമായി ബാധിച്ചു. അതാവശ്യ യാത്രക്കാരെയും കുഴപ്പത്തിലാക്കി.

ജര്‍മന്‍ റെയില്‍വേ ദീര്‍ഘദൂര ഗതാഗതം രാവിലെ 10 മണിയോടെ പൂര്‍ണമായും നിര്‍ത്തിവച്ചു. വിമാനത്താവളങ്ങളില്‍ നൂറുകണക്കിന് ടേക്ക് ഓഫ്, ലാന്‍ഡിംഗ് എന്നിവ റദ്ദാക്കി. നിരവധി ഹൈവേകള്‍ അടയ്ക്കുകയും ചെയ്തു.

ലോവര്‍ സാക്സണി സംസ്ഥാനത്തെ മോട്ടോര്‍വേകള്‍ അറിയിപ്പില്ലാതെ തന്നെ അടയ്ക്കേണ്ടി വന്നു. ഫ്രാങ്ക്ഫര്‍ട്ടിന്‍റെ ദിശയിലുള്ള മോട്ടോര്‍വേ 45 ഉച്ചയ്ക്ക് 1 മണി വരെ പൂര്‍ണമായും അടച്ചു. ഡ്യൂസല്‍ഡോര്‍ഫ്, കൊളോണ്‍/ബോണ്‍, മ്യൂണിക്ക്, സ്ററുട്ട്ഗാര്‍ട്ട്, ഹാംബുര്‍ഗ്, ബര്‍ലിന്‍, സ്ററട്ട്ഗാര്‍ട്ടില്‍ തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നും ഒട്ടനവധി സര്‍വീസുകള്‍ റദ്ദാക്കി.

ചുഴലിക്കാറ്റ് ചൊല്ലാഴ്ച വരെ കൊടുങ്കാറ്റായി തുടരുമെന്ന് ജര്‍മന്‍ വെതര്‍ സര്‍വീസ് (ഡിഡബ്ള്യുഡി) അറിയിച്ചിട്ടുണ്ട്.

സ്കോട്ട്ലന്‍ഡില്‍ ശക്തി പ്രാപിച്ച സിയാറ കൊടുങ്കാറ്റ് ഇംഗ്ലണ്ടിലെത്തി കനത്ത നാശം വിതച്ചു.മണിക്കൂറില്‍ 100 മുതല്‍ 140 കിമീ വേഗത്തില്‍ ആഞ്ഞടിക്കുന്ന ചുഴലികൊടുങ്കാറ്റില്‍ ഇംഗ്ലണ്ട് അക്ഷരാര്‍ഥത്തില്‍ ആടിയുലഞ്ഞു. ഹീത്രൂ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലെല്ലാം നൂറുകണക്കിന് സര്‍വീസുകള്‍ റദ്ദുചെയ്തു.ആയിരക്കണക്കിന് സര്‍വീസുകള്‍ വൈകി. ഡോവര്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട പോര്‍ട്ടുകളും ഫെറി സര്‍വീസുകളും ഇംഗ്ലീഷ് ചാനല്‍ വഴിയുള്ള കപ്പല്‍ ഗതാഗതവും നിര്‍ത്തിവച്ചു.പ്രധാന മോട്ടോര്‍ വേകളിലെല്ലാം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകകയാണ്.മേല്‍പാലങ്ങളിലൂടെ ഗതാഗതവും നിരോധിച്ചിട്ടുണ്ട്. ഇവിടെയും ഇതുവരെ ആളപായം ഒന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ