തുര്‍ക്കി വിക്കിപീഡിയ നിരോധനം പിന്‍വലിച്ചു
Friday, January 17, 2020 9:35 PM IST
അങ്കാറ: മൂന്നു വര്‍ഷമായി തുടരുന്ന വിക്കിപീഡിയ നിരോധനം തുര്‍ക്കി പിന്‍വലിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് നിരോധനം എന്ന ഭരണഘടനാ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

ദേശീയ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്ന് 2017 ഏപ്രിലിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. 991 ദിവസം ഇതു നീണ്ടു.

ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ക്വയ്ദ തുടങ്ങിയ ഭീകര സംഘടനകളുമായി ചേര്‍ന്ന് തുര്‍ക്കി സിറിയയില്‍ പ്രവര്‍ത്തിച്ചു എന്നു തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു ആവശ്യം.

നിരോധനം നീക്കിയതിനെ വിക്കി മീഡിയ ഫൗണ്ടെഷന്‍ സ്വാഗതം ചെയ്തു. എന്നാല്‍, എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാരും നിരോധനം നീക്കിയ ഉത്തരവ് ഇനിയും നടപ്പാക്കിയിട്ടില്ല. ഘട്ടം ഘട്ടമായേ ഇതു പൂര്‍ത്തിയാകൂ എന്നാണ് സൂചന.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍