ഇലക്ട്രിക് കാറുകള്‍ ജനകീയമാക്കാന്‍ ജര്‍മനി തയാറെടുക്കുന്നു
Tuesday, January 14, 2020 9:51 PM IST
ബര്‍ലിന്‍: പരിസ്ഥിതിമലിനീകരണം സൗഹൃദമാക്കാന്‍ ഇലക്ട്രിക് കാറിന്‍റെ ഉപഭോഗം വര്‍ധിപ്പിക്കാന്‍ ജര്‍മനി തയാറെടുക്കുന്നു.ഇലക്ട്രിക് കാറുകളും സങ്കരയിനങ്ങളും ജര്‍മനിയുടെ കാലാവസ്ഥാ നയത്തിന്‍റെ പ്രധാന ഭാഗമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഊര്‍ജ മേഖലയിലെ വിദഗ്ധരും ഇതിനായി ആഴത്തിലുള്ള പദ്ധതിക്ക് കൈകോര്‍ത്തുകഴിഞ്ഞു.

ഇലക്ട്രിക് കാറുകള്‍ക്ക് ചാര്‍ജിംഗ് പോയിന്‍റുകള്‍ നിര്‍മിക്കുന്നതില്‍ ജര്‍മനി കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും പ്രാദേശിക വ്യത്യാസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നത് ഒരു തടസമായി നില്‍ക്കുന്നുണ്ട്.

നഗരങ്ങളിലും മെട്രോപൊളിറ്റന്‍ പ്രദേശങ്ങളിലും താരതമ്യേന വലിയ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ ഇപ്പോഴും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കുറവാണ്.

ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നവര്‍ക്ക് ഭാവിയില്‍ കാഷ് ബോണസും ഇന്ധനത്തിനായി ഒരു ദശലക്ഷം ചാര്‍ജിംഗ് പോയിന്‍റുകളുമായി രാജ്യം ഇക്കാര്യത്തില്‍ മുന്നേറാനാണ് തീരുമാനം.
എനര്‍ജി അസോസിയേഷന്‍ വരെ രൂപീകരിച്ചാണ് ഇക്കാര്യത്തില്‍ ജനകീയമാക്കാന്‍ പദ്ധതി തയാറാക്കിയത്.

മൊത്തത്തില്‍, ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിന്‍റെ വിപുലീകരണത്തെ "ഊര്‍ജ്ജസ്വലവും ചലനാത്മകവും എന്നാണ് അസോസിയേഷന്‍ വിശേഷിപ്പിക്കുന്നത്.

അമേരിക്കന്‍ ഇലക്ട്രിക് കാര്‍ ഭീമനായ ടെസ് ല 2021 ഓടെ ബര്‍ലിനു പുറത്ത് തങ്ങളുടെ ആദ്യത്തെ യൂറോപ്യന്‍ ഫാക്ടറി പണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനിടെയാണ് ജര്‍മന്‍ സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നിരവധി ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക് കാറുകളുടെ വിഹിതം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

2019 അവസാനത്തോടെ ജര്‍മനിയില്‍ 24,000 പബ്ലിക് ചാര്‍ജിംഗ് പോയിന്‍റുകള്‍ നിലവില്‍ വന്നു. ഇതാവട്ടെ മുന്‍വര്‍ഷത്തേക്കാള്‍ 50 ശതമാനം കൂടുതലാണ്.

അസോസിയേഷന്‍റെ രജിസ്റ്റർ അനുസരിച്ച് ദ്രുത ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഈ പോര്‍ട്ടുകളില്‍ 15 ശതമാനത്തോളം വരും. താരതമ്യം ചെയ്യാന്‍, നിലവില്‍ 2,20,000 ഇലക്ട്രിക് കാറുകളും പ്ളഗ്ഇന്‍ ഹൈബ്രിഡുകളും ജര്‍മനിയില്‍ ഉണ്ട്. ഓരോ ചാര്‍ജിംഗ് പോയിന്‍റിനും ശരാശരി ഒമ്പത് ഇകാറുകള്‍ അല്ലെങ്കില്‍ പ്ളഗ്ഇന്‍ ഹൈബ്രിഡുകള്‍ നിലവിലുണ്ട്.

ചാര്‍ജിംഗ് പ്രക്രിയകളുടെ 80 ശതമാനവും വീട്ടിലോ ജോലിസ്ഥലത്തോ ആണ് ഇപ്പോള്‍ നടക്കുന്നത്. ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മിക്കുന്നതിനുള്ള തടസങ്ങള്‍ സ്വകാര്യമേഖലയില്‍ നീക്കം ചെയ്യേണ്ടത് നിര്‍ണായകമാണ്.
വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക് കാറുകള്‍ ബഹുജന വിപണിയില്‍ ഒരു വഴിത്തിരിവ് സൃഷ്ടിക്കുമെന്നാണ് സര്‍ക്കാരും കമ്പനികളും പ്രതീക്ഷിക്കുന്നത്.

ഇലക്ട്രിക് കാറുകള്‍ക്കായി ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് ജര്‍മന്‍ വാഹന നിര്‍മാതാക്കളാണ് എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഫെഡറല്‍ ഗവണ്‍മെന്‍റിന്‍റെ കാലാവസ്ഥാ പരിരക്ഷണ പദ്ധതിയില്‍ ഇലക്ട്രിക് മൊബിലിറ്റി ഒരു പ്രധാന പങ്ക് വഹിക്കുന്നു, ഇത് പ്രധാനമായും ഗതാഗത നവീകരണത്തിലൂടെ 2030 കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ലക്ഷ്യമിടുന്നു. ഇത് സാധ്യമാക്കുന്നതിന്, 2030 ഓടെ ജര്‍മനിക്ക് ഏഴ് മുതല്‍ 10 ദശലക്ഷം ഇലക്ട്രിക് കാറുകള്‍ ആവശ്യമാണ്.

ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വ്യാപനം ത്വരിതപ്പെടുത്തുന്നതിന് ഫെഡറല്‍ സര്‍ക്കാര്‍ "ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ മാസ്റ്റര്‍ പ്ളാന്‍" ഒരുക്കിക്കഴിഞ്ഞു. രാജ്യവ്യാപകവും ഉപഭോക്തൃ സൗഹൃദവുമായ ചാര്‍ജിംഗ് നെറ്റ് വര്‍ക്കാണ് ലക്ഷ്യമിടുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍