അഞ്ചപ്പത്തിന്‍റെ അഞ്ചുവർഷങ്ങൾ
Tuesday, December 24, 2019 7:40 PM IST
ഉംറ്റാറ്റ: സൗത്താഫ്രിക്കയിൽ ഉംറ്റാറ്റായിലും കനീസ ചിൽഡ്രൻസ് ഹോം, ബഥനി ഹോം  എന്നിവടങ്ങളിലും വേൾഡ് പീസ് മിഷന്‍റെ അഞ്ചപ്പ വിതരണം  നടന്നു. വേൾഡ് പീസ് മിഷൻ  പ്രവർത്തകരും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭാംഗങ്ങളുമായ മദർ സിസ്റ്റർ സെബസ്റ്റീൻ, സിസ്റ്റർ സെറിൻ,സിസ്റ്റർ ജിസ്മേരി  എന്നിവരാണ് അഞ്ചപ്പ വിതരണത്തിന് നേതൃത്വം നൽകുന്നത്.

നിർധനരും അശരണരുമായ വിശക്കുന്നവർക്ക്  അന്നം നൽകുക എന്ന ലക്ഷ്യത്തോടെ അഞ്ചു വർഷങ്ങൾക്കു മുൻമ്പാണ് അഞ്ചപ്പം എന്ന അന്നദാന പദ്ധതിയുമായി വേൾഡ് പീസ് മിഷൻ പ്രവർത്തകർ  ആഫ്രിക്കയിലെത്തുന്നത്. സംഗീത സംവിധായകനും ജീവകാരുണ്യ പ്രവർത്തകനുമായ, സണ്ണി സ്റ്റീഫൻ നേതൃത്വം നൽകുന്ന സംഘടനക്ക് ഇതിനോടകം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ   ദാരിദ്ര്യം അനുഭവിക്കുന്നവർക്കിടലേക്ക്  ആഹാരവുമായി എത്തുവാൻ കഴിഞ്ഞു.

നൈരിജീയ,കെനിയ, ഉഗാണ്ട, മോസാംബിക് , എത്യോപ്യ ,സിംബാവേ, തുടങ്ങി ആഫ്രിക്കയിലെ  വിവിധ ഭാഗങ്ങളിലെ അഞ്ചപ്പ വിതരണത്തിന് മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ്, ബഥനി സിസ്റ്റേഴ്സ്, എഫ്സിസി സിസ്റ്റേഴ്സ്,മിഷിനറീസ് ഓഫ് ചാരിറ്റി,ഹോളി ക്രോസ് സിസ്റ്റേഴ്സ് എന്നിവരാണ് നേതൃത്വം നൽകുന്നത്.

അഞ്ചപ്പത്തിന്‍റെ അഞ്ചു വർഷങ്ങൾ പൂർത്തിയാകുന്ന വേളയിൽ വിശക്കുന്നവരിലേക്ക് ആഹാരമെത്തിക്കാൻ കഴിയുന്നതിൽ തികഞ്ഞ ചാരുതാർത്യമുണ്ടെന്നു  വേൾഡ് പീസ് മിഷൻ ചെയർമാൻ സണ്ണി സ്റ്റീഫൻ പറഞ്ഞു. ലോകം രക്ഷകന്‍റെ വരവിനായി ഒരുങ്ങി നിൽകുമ്പോൾ നമ്മുടെ ഹൃദയങ്ങളിലും ഉണ്ണിയേശു പിറക്കുന്നതിന്‌,   കരുണയുടെ  കരംനീട്ടാം  എന്ന ആശയമാണ് വ്യത്യസ്തങ്ങളായ കാരുണ്യ ശുശ്രുഷകളിലൂടെ  വേൾഡ് പീസ് മിഷൻ മുന്നോട്ടുവയ്ക്കുന്നത്.    

റിപ്പോർട്ട്: നിത വർഗീസ്