അയര്‍ലണ്ടില്‍ മരിച്ച ലിന്‍സിയുടെ ഭൗതിക ശരീരം തിങ്കളാഴ്ച പൊതുദര്‍ശനത്തിനു വയ്ക്കും
Sunday, December 8, 2019 12:57 PM IST
ഡബ്ലിന്‍ :അയര്‍ലണ്ടില്‍ മരണമടഞ്ഞ മേരി കുര്യാക്കോസിന്റെ (ലിന്‍സി,27) ഭൗതികശരീരം ഡിസംബര്‍ 9 തിങ്കളാഴ്ച വൈകിട്ട് നാലു മുതല്‍ താല ഫെറ്റര്‍കെയിന്‍ ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷനില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് 5.30 ന് സീറോ മലബാര്‍ ക്രമത്തില്‍ വിശുദ്ധ കുര്‍ബാനയും തിരുകര്‍മ്മങ്ങളും ഉണ്ടായിരിക്കും. ശുശ്രൂഷകള്‍ക്ക് ഡബിന്‍ സീറോ മലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ നേതൃത്വം നല്‍കും. സ്പ്രിങ്ങ് ഫീല്‍ഡ് വികാരി റവ. ഫാ. പാറ്റ് മെക്കലി, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട് എന്നിവര്‍ക്കൊപ്പം വിവിധ സമൂഹങ്ങളിലെ മറ്റ് വൈദീകരും പങ്കെടുക്കും.

ഡബ്ലിനിലെ സെന്റ് ജയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സായിരുന്ന ലിന്‍സി കോഴിക്കോട് അശോകപുരം മാലപ്രാവനാല്‍ കുര്യാക്കോസ് ലീലാമ്മ ദമ്പതികളുടെ മകളാണ്. ലിന്റോ (കാനഡ) ഏക സഹോദരനാണ്. ഭൗതീക ശരീരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച നാട്ടിലേയ്ക്ക് കൊണ്ടുപോവും. അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്ന സഹോദരന്‍ മൃതദേഹത്തെ അനുഗമിക്കും. സംസ്‌കാരം പിന്നീട് നാട്ടില്‍.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ താല കുര്‍ബാന സെന്റര്‍ അംഗമായിരുന്ന ലിന്‍സിയുടെ ആകസ്മിക വിയോഗത്തില്‍ സീറോ മലബാര്‍ സഭയുടെ അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ചു.

റിപ്പോര്‍ട്ട് ജെയ്‌സണ്‍ കിഴക്കയില്‍