യൂണിയന്‍ സമരം നീട്ടി; വെള്ളിയാഴ്ചയും ഫ്രാന്‍സില്‍ ഗതാഗത സ്തംഭനം
Friday, December 6, 2019 10:22 PM IST
പാരീസ്: പെന്‍ഷന്‍ പരിഷ്കരണത്തില്‍ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് തൊഴിലാളികള്‍ വ്യാഴാഴ്ച ഫ്രാന്‍സില്‍ പ്രകടനം നടത്തി. രാജ്യത്താകമാനം വ്യാപകമായി ഗതാഗതം തടസപ്പെട്ടു. സമരം വെള്ളിയാഴ്ചത്തേക്കു കൂടി നീട്ടാന്‍ യൂണിയനുകള്‍ തീരുമാനിച്ച സാഹചര്യത്തില്‍ തുടരെ രണ്ടാം ദിവസവും സമാന അവസ്ഥ.

സമരം കാരണം പൊതു ഗതാഗത സംവിധാനങ്ങള്‍ ആകെ താറുമാറായ സ്ഥിതിയായിരുന്നു വ്യാഴാഴ്ച. മെട്രോയില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. പലര്‍ക്കും ലക്ഷ്യ സ്ഥാനങ്ങളിലെത്താന്‍ ദീര്‍ഘദൂരം നടക്കേണ്ടതായും വന്നു.

1995ല്‍ നടന്ന വന്‍ സമരത്തിനു സമാനമായ അവസ്ഥയാണ് ഇപ്പോള്‍ പാരീസില്‍ ഉണ്ടായിരിക്കുന്നത്. പലയിടത്തും സമരക്കാര്‍ കടകളുടെ കണ്ണാടി ജനലുകള്‍ തകര്‍ത്തിട്ടുണ്ട്. ചിലയിടത്ത് തീവയ്പും റിപ്പോര്‍ട്ടു ചെയ്തു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍