ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി രാജിവച്ചു
Friday, December 6, 2019 12:03 AM IST
ഹെല്‍സിങ്കി: ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി ആന്‍റ്റി റിന്നി രാജിവച്ചു. സഖ്യകക്ഷിയുടെ പിന്തുണ നഷ്ടമായതിനെ തുടര്‍ന്നാണ് തീരുമാനം. രാജി പ്രസിഡന്‍റ് സ്വീകരിച്ചിട്ടുണ്ട്.

പുതിയ സാഹചര്യത്തില്‍ സഖ്യസര്‍ക്കാറിന്‍റെ ഭാവി അനിശ്ചിതത്വത്തിലായിക്കഴിഞ്ഞു. അഞ്ചു പാര്‍ട്ടികളടങ്ങിയ ഭരണസഖ്യത്തില്‍നിന്ന് പിന്‍വലിയാനുള്ള തീരുമാനത്തിലാണ് സന്‍റെര്‍ പാര്‍ട്ടി. ഇത് രാജ്യത്തെ ഇടക്കാല തെരഞ്ഞെടുപ്പിലേക്കു നയിച്ചേക്കും.

തപാല്‍ തൊഴിലാളികളുടെ വേതനപരിഷ്കരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി നുണ പറഞ്ഞുവെന്ന തപാല്‍വകുപ്പ് തലവന്‍റെ ആരോപണത്തെ തുടര്‍ന്നാണ് സന്‍റര്‍ പാര്‍ട്ടി ആന്‍റ്റിക്കുള്ള പിന്തുണ പിന്‍വലിച്ചത്. സോഷ്യല്‍ ഡെമോക്രാറ്റായ ആന്‍റ്റിയുടെ നേതൃത്വത്തില്‍ ജൂണിലാണ് സര്‍ക്കാര്‍ അധികാരമേറ്റത്. പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആന്‍റ്റിക്ക് പിന്‍ഗാമിയെ തേടുകയാണ് അദ്ദേഹത്തിന്‍റെ പാര്‍ട്ടി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ