ജർമനിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു
Thursday, November 7, 2019 9:56 PM IST
കൊളോണ്‍:പുണ്യശ്ശോകനായ പരുമല തിരുമേനിയുടെ 117-ാമത് ഓർമ്മപ്പെരുനാൾ ജർമനിയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭ കൊളോണ്‍ - ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തിൽ ബോണിലെ സെന്‍റ് ഹെഡ്വിഗ് ദേവാലയത്തിൽ വിവിധ പരിപാടികളോടെ ഭക്തിപൂർവം ആഘോഷിച്ചു.

നവംബർ മൂന്നിന് രാവിലെ 9.45 ന് പ്രഭാത നമസ്ക്കാരത്തോടെ ആരംഭിച്ച പെരുന്നാൾ ആഘോഷത്തിൽ വിശുദ്ധ കുർബാനയ്ക്ക് ഫാ. ആഷു അലക്സാണ്ടർ(ബ്രസൽസ്) കാർമികത്വം വഹിച്ചു. പരുമല തിരുമേനിയുടെ മാതൃകാപരവും പ്രാർത്ഥനാ പൂർണ്ണവുമായ ജീവിതം എല്ലാവരും മാതൃകയാക്കണമെന്നും അതിനായി ഒരോരുത്തരും സ്വന്തം ജീവിതം രൂപാന്തരപ്പെടുത്തുണമെന്നും വചനപ്രഘോഷണത്തിൽ ഫാ.ആഷു ഓർമ്മിപ്പിച്ചു. രോഗികൾക്കും വാങ്ങിപ്പോയവർക്കും വേണ്ടി പ്രത്യേകം മധ്യസ്ഥപ്രാർത്ഥന, ധൂപപ്രാർത്ഥന, റാസ, ആശീർവാദം, കൈമുത്ത്, നേർച്ചവിളന്പ് എന്നിവയ്ക്കു ശേഷം പാരീഷ് ഹാളിൽ സ്നേഹവിരുന്നും ഉണ്ടായിരുന്നു.

ആത്മീയ ശുശ്രൂഷകളിൽ പങ്കുചേരാനും വിശുദ്ധന്‍റെ മദ്ധ്യസ്ഥതയാൽ അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി വിശ്വാസികൾ എത്തിയിരുന്നു.

ഇടവക സെക്രട്ടറി മാത്യൂസ് കാക്കനാട്ടുപറന്പിൽ, ട്രസ്റ്റി സിനോ തോമസ് രാജൻകുഞ്ഞ്, ശോശാമ്മ തൊട്ടിയിൽ സണ്ണി തോമസ് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ