ഇറ്റലിയിലെ മോലിസെ നിങ്ങളെ മോഹിപ്പിച്ചു. എന്നാൽ നിജസ്ഥിതി എന്താണ് ?
Saturday, September 21, 2019 9:14 PM IST
റോം: കഴിഞ്ഞ ദിവസങ്ങളിൽ ഏറെ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയ ഒരു വാർത്തയായിരുന്നു മോലിസെ. ഇറ്റലിയിലെ കിഴക്കൻ പ്രദേശത്തെ പ്രകൃതി രമണിയമായ മോലിസെ നഗരത്തിൽ കൂടിയേറ്റക്കാരെ ആകർഷിക്കുന്ന വാർത്ത സിഎൻ എൻ ഉൾപ്പടെ എല്ലാ പാശ്ചാത്യ മുൻനിര മാദ്ധ്യമങ്ങളും ഒപ്പം കേരളത്തിലെ മുത്തശിപത്രങ്ങളും മുൻനിര ടെലിവിഷൻ ചാനലുകളും ഒക്കെ വളരെ കെങ്കേമമായി കൊട്ടിഘോഷിച്ചത് മലയാളികളെ ഏറെ സന്തോഷിപ്പിച്ചിരുന്നു.

എന്നാൽ അതിന്‍റെ സത്യാവസ്ഥയിലേയ്ക്കു ഒന്നു ചികയുന്പോൾ എന്താണ് പുറത്തുവരുന്നത് എന്നുകൂടി ഈ സന്തോഷിച്ചവരും മാദ്ധ്യമക്കാരും ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ലേഖകനും ഇറ്റലിയിലെ മാധ്യമ സുഹൃത്ത് ജോബിൻ ജോസഫും ഒരുമിച്ച് നടത്തിയ അന്വേഷണത്തിന്‍റെ വെളിച്ചത്തിലാണ് ഇക്കാര്യത്തെപ്പറ്റിയുള്ള നിജസ്ഥിതികൾ പുറത്തുവിടുന്നത്.

ഇവിടെ സ്ഥിരതാമസത്തിനായി തയാറാകുന്നവർക്ക് അന്പരിപ്പിക്കുന്ന വാഗ്ദാനമാണ് ഭരണകൂടം മുന്നോട്ട് വച്ചിരിരിക്കുന്നത്. എന്നാൽ ഇക്കഴിഞ്ഞ 16 ന് ഈ ഓഫറിന്‍റെ കാലാവധി തീരുകയും ചെയ്തു.

19 ലക്ഷം രൂപ പിന്നെ മാസം 55000/രൂപ 3 വർഷം വരെ സർക്കാർ സഹായം നൽകി നമുക്ക് ഇഷ്ടമുള്ള രീതിയിൽ ബിസിനസ് ചെയ്യാമെന്നുള്ള രീതിയിലായിരുന്നു വാർത്ത കാട്ടുതീപോലെയാണ് പടർന്നത്. വലിയ ഓഫർ പ്രതീക്ഷിച്ച് നിരവധിയാളുകൾ ടിക്കറ്റൊക്കെ ബുക്ക് ചെയ്ത് അങ്ങോട്ട് പറക്കാനുള്ള ഒരുക്കത്തിലുമാണ്. കുടിയേറ്റക്കാർക്കായി നൽകുമെന്ന് പറയുന്ന തുക ഏതെങ്കിലും രാജ്യക്കാർ ചെന്നാൽ കിട്ടില്ല. അത് ഇറ്റാലിയൻ പൗരത്വമുള്ളവർക്ക് മാത്രമുള്ള പദ്ധതിയാണ്. സ്വദേശിവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള ഇറ്റലി മറ്റു രാജ്യത്തുനിന്നുള്ളവരെ തങ്ങളുടെ നാട്ടിൽ കുടിയേറാൻ അനുവദിക്കുന്നില്ല.

ഇറ്റാലിയൻ പൗരത്വമുള്ളവർക്കോ അല്ലെങ്കിൽ ഇറ്റാലിയൻ പാസ്പോർട്ട് കൈവശമുള്ളവർക്കോ മാത്രമേ ഗവണ്‍മെന്‍റ് ഈ ധനസഹായം നൽകുകയുള്ളു. മാത്രമല്ല അവിടെയെത്തി ബിസിനസ് ആരംഭിച്ചു കഴിഞ്ഞാൽ സർക്കാർ നൽകുന്ന തുക തിരിച്ചു നൽകേണ്ടി വരും. മൂന്നു വർഷം ഗവണ്‍മെന്‍റ് നൽകുന്ന പണം വാങ്ങുന്നവർ രണ്ടു വർഷത്തേക്ക് കൂടി അവിടെ തുടരണമെന്ന ഉറപ്പുകൂടി നൽകേണ്ടതുണ്ട്.

കുറച്ചുവർഷങ്ങളായി മൊലിസെ അടക്കമുള്ള ഇറ്റാലിയൻ നഗരങ്ങളിൽ നിന്നും ആളുകൾ കുടിയൊഴിഞ്ഞുപോകുന്നതിന്‍റെ പ്രധാനകാരണം ആ നാടുകളുടെ മെല്ലെപോക്ക് നയമാണ്. സഞ്ചരിക്കാൻ പ്രധാനപ്പെട്ട രണ്ട് ഹൈവേകൾ മാത്രമുള്ള മൊലിസെയിലേക്ക് കൂടുതൽ സ്വദേശികളെ ആകർഷിക്കുന്നതിനുവേണ്ടി ഗവണ്‍മെന്‍റ് ഇത്തരമൊരു പദ്ധതിയുമായി രംഗപ്രവേശം ചെയ്തിരിക്കുന്നതെന്നും വലിയ തുകയിൽ കണ്ണുമഞ്ഞളിച്ച് ആരും അങ്ങോട്ട് കയറിവരേണ്ടതില്ലെന്നുമാണ് ഇറ്റലിയിൽ സ്ഥിരതമാസമാക്കിയ മലയാളിയും മാധ്യമ സുഹൃത്തുമായ ജോബിന്‍റെ വാക്കുകളിൽ പ്രകടമായത്.വർഷങ്ങളായി നാട്ടിലേക്ക് പോകുന്നതിനു പോലും വീസ നടപടിക്രമങ്ങൾ നടക്കാത്ത നാടാണ് മൊലിസെ.തീരെ വികസനം എത്താത്ത ഇറ്റലിയുടെ ഏറ്റവും പുരാതനമായ നഗരങ്ങളിൽ ഒന്നാണ്.

മൊലിസെ ശരിക്കുമൊരു വിനോദ സഞ്ചാരകേന്ദ്രമാണ്. ഇവിടേക്ക് ഇറ്റലിക്കാരായ മറ്റുപ്രദേശവാസികളെ ആകർഷിക്കന്നതിനും ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനുവേണ്ടിയുമാണ് പുത്തൻ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.റോമിന്‍റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നഗരത്തിൽ 136 ചെറുപട്ടണങ്ങൾ ഉണ്ടെ ങ്കിലും അതിൽ 106 എണ്ണത്തിലും ജനസംഖ്യ കുറവാണ്. ഇതിൽതന്നെ 12 എണ്ണം ഭാഗികമായി പർവ്വത പ്രദേശങ്ങളും. ഇതിൽ ജനസംഖ്യ കുറഞ്ഞ ഇടങ്ങളിൽ ഉള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. കോളനിസമാനമായ കുഗ്രാമങ്ങളാണ് ഇവിടെ ഏറെയുമുള്ളത്.

വിനോദസഞ്ചാരകേന്ദ്രമെന്നനിലയിൽ പക്ഷേ മൊലിസെ കുറച്ചുകൂടി സന്പന്നമാണ് എന്നുപറയാം. യൂറോപ്പിലെ അറിയപ്പെടുന്ന പുരാതനകാഴ്ചകൾക്ക് പേരുകേട്ട മൊലിസെയുടെ ശാന്തതയിലും ശീതളിമയിലും ലയിക്കാൻ നിരവധിയാളുകൾ.ഇവിടെത്തുന്നുണ്ട്. വിമാനത്താവളമില്ലാത്ത ഇറ്റലിയിലെ രണ്ടാമത്തെ ഏറ്റവും ചെറിയ പ്രദേശമാണിത്. തീരദേശ ഹൈവേ മാത്രമാണ് ഇവിടുത്തെ ടാറിട്ട മോട്ടോർ റോഡ്. ഈ റോഡിൽ നിന്ന് നഗരത്തിന് അകത്തേക്ക് പ്രവേശിക്കാൻ രണ്ട് പ്രധാന റോഡുകളും മാത്രം. ബാക്കിയെല്ലാം നടപ്പാതകൾക്ക് സമാനമായ വഴികളാണ്.

എന്നാൽ പ്രദേശത്തിന്‍റെ പഴയ പ്രൗഡി ഇന്നും നിലനിൽക്കാൻ കാരണം ഈ മുരടിപ്പ് ആണെന്നാണ് പറയപ്പെടുന്നത്. നഗരത്തിന്‍റെ 78 ശതമാനം പർവതപ്രദേശമായതിനാൽ, ഇവിടുത്തെ റോഡുകളിൽ പലതും അവസാനിക്കുന്നത് പർവ്വത അടിവാരങ്ങളിലാണ്. മണ്ണിടിച്ചിൽ, വലിയ പാറ കല്ലുകൾ വീണുണ്ടായ കുഴികൾ എന്നിവയെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്.

നമ്മുടെ വാർത്തയുടെ ഉറവിടം ഇങ്ങനെയാണ്. ഈ പോജക്റ്റ് ശരിയാണ് കാരണം 2000 കുടുംബങ്ങൾ മാത്രം അധിവസിക്കുന്ന ഈ മേഖലയിൽ വാഹനസൗകര്യം തന്നെ ബുദ്ധിമുട്ടാണ്. ജീവിക്കാൻ നന്നേ പാട് പെടുന്ന ഈ സ്ഥലത്ത് നിന്നും ആളുകൾ പ്രത്യേകിച്ചു യുവജനങ്ങൾ മറ്റു സ്ഥലങ്ങളിൽ മെച്ചപ്പെട്ട ജീവിത സൗകര്യം തേടി പോകുന്നു. ആ നഗരത്തെ നില നിർത്താൻ ഭരണകൂടം ആഗ്രഹിക്കുന്നു. എന്നാൽ ഈ ആനുകൂല്യങ്ങൾ കിട്ടുക ഇറ്റലിയിൽ ജനിച്ചു വളർന്നിട്ടുള്ള യൂറോപ്പ് പ്രവിശ്യയിലുള്ളവർക്ക് മാത്രമാണ്. അല്ലാതെ ഉള്ള ഒരു കൂടിയേറ്റവും ഇവിടെ സാധ്യമല്ല. ഇറ്റലിയിൽ തന്നെ കഴിഞ്ഞ 7 വർഷമായി വീസ കിട്ടാതെ ആയിരകണക്കിന് മലയാളികൾ നാട്ടിൽ പോകാൻ പറ്റാതെ ഇവിടെ ബുദ്ധിമുട്ട് അനുഭവിക്കുന്നു, അതിനുള്ള ക്രമീകരണം പോലും നിലവിലെ ഗവണ്മെന്‍റ് ചെയ്യുന്നില്ല. കൂടാതെ സ്വദേശിവാദം പഴയതിലും ശക്തി പ്രാപിച്ചു വരുന്പോൾ ഇങ്ങനെയുള്ള മോഹനവാഗ്ദാനം നമ്മുക്ക് വേണ്ടി അല്ല എന്നുള്ളതു ആദ്യം തിരിച്ചറിയുക. അടിയന്തരമായി നമ്മുടെ ആവശ്യം വീസ പ്രോസസ് വേഗത്തിലാക്കി ഇവിടെ കുടുങ്ങി കിടക്കുന്ന ആളുകളെ സംരഷിക്കുക എന്നുള്ളത് മാത്രമാണ്. കൂടിയേറ്റം സ്വാഗതം ചെയ്യുന്ന നമ്മൾ ആ മോഹവലയിൽപ്പെട്ടു ജീവിതം നശിക്കാതിരിക്കട്ടെ. അതുപോലെ ഇറ്റാലിയൻ ഭാഷയും ഒരു തടസമായി അപ്രായോഗിക ഘടകമായി നിൽക്കുന്നു.
ഇറ്റാലിയൻ പൗരത്വം നേടിയ ഇന്ത്യക്കാർ/വിദേശികൾ പ്രയോജനപ്പെടും. ഒപ്പം വ്യക്തമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി ഇറ്റാലിൻ എംബസിക്ക് നൽകി അവർ പരിശോധിച്ച് പ്രോജക്ടിന്‍റെ മികവ് അനുസരിച്ച് പോയിന്‍റ് വാല്യു നൽകിയാണ് അംഗീകാരം കൊടുക്കുന്നത്.
ഈ യോഗ്യതകൾ എല്ലാം ഉണ്ടെങ്കിൽ ലോകത്തിന്‍റെ എവിടെ ആയിരുന്നാലും പോലും അപേക്ഷ സമർപ്പിക്കാൻ സാധി‌ക്കും എന്നതും ഒരു വസ്തുതയാണ്.

വലിയ ഓഫറുകൾ അവർ മുന്നോട്ട് വച്ചിരിക്കുന്നതിനാൽ കേരളത്തിൽ നിന്നടക്കം നിരവധിപ്പേർ അങ്ങോട്ടേയ്ക്കുള്ള യാത്രയ്ക്കുള്ള ഒരുക്കത്തിലാണ്.എന്നാൽ അക്ഷരാർത്ഥത്തിൽ ഇറ്റലി വിളിക്കുന്നത് അവരുടെ സ്വന്തം ആളുകളെത്തന്നെയാണ് എന്ന സത്യം തിരിച്ചറിയുക.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ