യുക്മ ദേശീയ കലാമേള : നഗർ നാമകരണത്തിനും ലോഗോ രൂപകല്പനക്കും അപേക്ഷ ക്ഷണിച്ചു
Saturday, September 14, 2019 3:58 PM IST
‌ലണ്ടൻ: പത്താമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. നവംബർ രണ്ടിന് (ശനി) മാഞ്ചസ്റ്ററിൽ നടക്കുന്ന മേളയുടെ നഗർ നാമകരണത്തിനുവേണ്ടി അനുയോജ്യമായ പേരുകൾ നിർദ്ദേശിക്കുവാനും കലാമേളയുടെ ലോഗോ രൂപകല്പനചെയ്യുവാനും അപേക്ഷ ക്ഷണിച്ചു.

മലയാള സാഹിത്യ- സാംസ്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും നാമങ്ങളിലാണ് മുൻ വർഷങ്ങളിലെ യുക്മ കലാമേള നഗറുകൾ അറിയപ്പെട്ടിരുന്നത്. യുക്മ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഓരോ നാമകരണങ്ങളും. കവികളിലെ മഹാരാജാവ് സ്വാതിതിരുന്നാളും അഭിനയ തികവിന്‍റെ പര്യായമായിരുന്ന പദ്മശ്രീ തിലകനും സംഗീത കുലപതികളായ ദക്ഷിണാമൂർത്തി സ്വാമികളും എം.എസ്.വിശ്വനാഥനും ജ്ഞാനപീഠ അവാർഡ് ജേതാവ് മഹാകവി ഒഎൻവി.കുറുപ്പും ജനകീയ നടൻ കലാഭവൻ മണിയും വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറും അത്തരത്തിൽ ആദരിക്കപ്പെട്ടവരായിരുന്നു.

മുൻ വർഷങ്ങളിലേതുപോലെ തന്നെ, ഏതൊരു യുകെ മലയാളിക്കും നഗർ - ലോഗോ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. കലാമേള ലോഗോ മത്സരത്തിന് ഒരാൾക്ക് പരമാവധി രണ്ട് ലോഗോകൾ വരെ രൂപകല്പനചെയ്ത് അയയ്ക്കാവുന്നതാണ്. എന്നാൽ കലാമേള നഗറിന് ഒരാൾക്ക് ഒരു പേരു മാത്രമേ നിർദ്ദേശിക്കാൻ അവസരം ഉണ്ടാകുകയുള്ളൂ.

സെപ്റ്റംബർ 23 ന് (തിങ്കൾ) മുൻപായി [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ് നാമനിർദ്ദേശങ്ങൾ അയയ്ക്കേണ്ടത്. വൈകി വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. രണ്ട് മത്സരങ്ങളിലേക്കും അപേക്ഷിക്കുന്നവർ തങ്ങളുടെ പേരും മേൽവിലാസവും ഫോൺ നമ്പറും അപേക്ഷയോടൊപ്പം കൃത്യമായി ഉൾപ്പെടുത്തേണ്ടതാണെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു.

നഗർ നാമകരണത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്ന വ്യക്തികളിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് യുക്മ ദേശീയ കലാമേള നഗറിൽവച്ച് പുരസ്കാരം നൽകുന്നതാണ്. അതുപോലെതന്നെ തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകൽപ്പന ചെയ്യുന്ന വ്യക്തിക്കും കലാമേള നഗറിൽ പുരസ്കാരം നൽകുന്നതാണ്.

ആയിരത്തിലധികം കലാകാരന്മാരും കലാകാരികളും മത്സരാർഥികളായി വന്നെത്തുന്ന യുക്മ കലാമേളയിൽ, കലയെ സ്നേഹിക്കുന്ന യുകെ മലയാളികളായ ആയിരങ്ങൾ കാണികളായും ഒത്തുചേരുമ്പോൾ ലോക പ്രവാസി സമൂഹങ്ങളിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിനാണ് അരങ്ങുണരുക. യുകെ മലയാളികളുടെ ദേശീയോത്സവം എന്ന ഖ്യാതി നേടിക്കഴിഞ്ഞ യുക്മ ദേശീയ കലാമേള നവംബർ രണ്ടിന് മാഞ്ചസ്റ്ററിൽ അരങ്ങേറുമ്പോൾ അതിന്‍റെ ഭാഗമാകുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്‍റ് മനോജ്‌കുമാർ പിള്ള പറഞ്ഞു.

റിപ്പോർട്ട്: സജീഷ് ടോം