പോസ്റ്റ് സ്റ്റഡി വീസ ബ്രിട്ടൻ പുനഃസ്ഥാപിച്ചു ; ഇന്ത്യൻ വിദ്യാർഥികൾക്ക് വീണ്ടും പ്രതീക്ഷയേറി
Thursday, September 12, 2019 9:22 PM IST
ലണ്ടൻ: ബ്രിട്ടനിലെ വീസ നയത്തിൽ കൂടുതൽ ഉദാരത നൽകുന്ന വ്യദ്യാഭ്യാസ പദ്ധതിയുമായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സർക്കാർ. ഇമിഗ്രേഷൻ നിരക്ക് കുറയ്ക്കാൻ 2012 ൽ ഡേവിഡ് കാമറോണ്‍ മന്ത്രിസഭയിൽ ഹോം സെക്രട്ടറിയായിരുന്ന തെരേസ മേ വീസ പൂർണമായും നിർത്തലാക്കിയ പോസ്റ്റ് സ്റ്റഡി വീസയാണ് ഇപ്പോൾ ബോറിസ് സർക്കാർ പുനഃസ്ഥാപിക്കുന്നത്. ഇതനുസരിച്ച് ബ്രിട്ടീഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടുന്ന ടയർ 4 വീസ ഇന്‍റർനാഷണൽ വിദ്യാർഥകൾക്ക് പുതിയ യുകെ പോസ്റ്റ് സ്റ്റഡി വർക്ക് വീസ ലഭിക്കും.

2020 മുതൽ പ്രാബല്യത്തിലാവുന്ന നിയമം അനുസരിച്ച് അടുത്ത രണ്ടു വർഷത്തേക്ക് ലഭ്യമാകുമെന്നാണ് സർക്കാരിന്‍റെ പ്രഖ്യാപനം.പഠനം പൂർത്തിയാക്കുന്നവർക്ക് ആദ്യം രണ്ടുവർഷമാണ് വർക്ക് പെർമിറ്റ് അനുവദിക്കുന്നത്. ഇവർ പഠിക്കുന്ന കോഴ്സ് ഷോർട്ടേജ് ഒക്യുപ്പേഷൻ ലിസ്റ്റിലോ ഹൈലി സ്കിൽഡ് മൈഗ്രേഷൻ വീസ ലിസ്റ്റിലോ ഉൾപ്പെട്ടതാണെങ്കിൽ ഇത്തരം വർക്ക് പെർമിറ്റുകൾ നീട്ടിയെടുക്കാനും ഏറെ സാധ്യതയുണ്ട്.

നിലവിലെ ബ്രിട്ടനിലെ ഇമിഗ്രേഷൻ നിയമപ്രകാരം, യുകെ സർവകലാശാലകളിൽ നിന്ന് ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം നേടിയ വിദേശ വിദ്യാർഥികൾക്ക് ജോലി തേടി നാലു മാസം മാത്രമേ രാജ്യത്ത് തുടരാൻ അർഹതയുണ്ടായിരുന്നുള്ളു.

ഈ വർഷം ഏപ്രിലിൽ, രണ്ടുവർഷത്തെ വർക്ക് വീസകളിൽ ഉൾപ്പെടുത്താനുള്ള അവകാശ ബിൽ കൊണ്ടുവരാനുള്ള ശ്രമം നടന്നെങ്കിലും പാർലമെന്‍റ് അത് നിരാകരിച്ചിരുന്നു. പഠനാനന്തര ജോലിയുടെ രണ്ടുവർഷത്തെ സാധുതാ കാലാവധി പുനഃസ്ഥാപിക്കുന്നതിലൂടെ, കണക്ക്, എൻജിനിയറിംഗ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ മികച്ച പ്രതിഭകളെ രാജ്യത്തിനു ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

നമ്മുടെ രാജ്യത്തിനും സർവകലാശാലകൾക്കും അന്താരാഷ്ട്ര വിദ്യാർഥികളുടെ സംഭാവന സാംസ്കാരികവും സാന്പത്തികവുമാണ്. അവരുടെ സാന്നിധ്യം ബ്രിട്ടന് ഗുണം ചെയ്യും. അതിനാൽ തന്നെ അവർ പഠനത്തിനുശേഷം ബ്രിട്ടനിൽ പഠനം/ ജോലി തുടരുന്നത് എന്തുകൊണ്ടും നല്ലതാണ്. രാജ്യത്തെ സർവകലാശാലകൾ ഒരു തുറന്ന ആഗോള സ്ഥാപനങ്ങളായി വളരുകയും, മികച്ച പ്രതിഭകളെ ഉറപ്പാക്കുകയും ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി ഗാവിൻ വില്യംസണ്‍ പറഞ്ഞു. പോസ്റ്റ് സ്റ്റഡി വർക്ക് വീസയുടെ സാധുത വർധിപ്പിക്കുന്നത് അന്താരാഷ്ട്ര ബിരുദധാരികൾക്ക് ദീർഘകാല തൊഴിൽ നേടുന്നതിന് കൂടുതൽ അവസരം നൽകുകയും ചെയ്യും.

ബോറിസിന്‍റെ പോസ്റ്റ് സ്റ്റഡി വർക്ക് വീസ പ്രഖ്യാപനം രാജ്യത്തെ 130 സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന യൂണിവേഴ്സിറ്റികൾ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. ഒടുവിൽ ബ്രെക്സിറ്റ് സംഭവിക്കുന്പോൾ യൂറോപ്യൻ യൂണിയൻ വിദ്യാർഥികളിൽ നിന്ന് എൻറോൾമെന്‍റ് എണ്ണം കുറയുമെന്ന പ്രതീക്ഷയാണ് ബോറിസ് സർക്കാരിനെ ഇത്തരമൊരു തീരുമാനം കൈക്കൊള്ളാൻ ഇടയാക്കിയതെന്നു കരുതുന്നു.

ബ്രിട്ടനിലെത്തുന്ന വിദേശ വിദ്യാർഥികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നതിനാൽ ബോറിസ് സർക്കാരിന്‍റെ പുതിയ തീരുമാനം ഏറ്റവും ഗുണകരമാകുന്നത് ഇന്ത്യൻ വിദ്യാർഥികൾക്കാണ് പ്രത്യേകിച്ച് മലയാളി യുവാക്കൾക്ക്. ബ്രക്സിറ്റ് നടപ്പാക്കുന്പോൾ ഇല്ലാതാകുന്ന വിദഗ്ധതൊഴിലാളികൾ/സംരംഭകർ തുടങ്ങിയവരുടെ കുറവ് ഈ നിയമം മൂലം പരിഹരിക്കാനാകുമെന്നും ഹോം ഓഫീസ് കണക്കുകൂട്ടുന്നു.

ഇന്‍റർനാഷണൽ ടയർ 4 വീസ വിദ്യാർഥി വീസകൾ യൂറോപ്യൻ യൂണിയൻ വിദ്യാർഥികളെയല്ല ലക്ഷ്യമിട്ടിരുന്നത്. 2018 വരെ ഏകദേശം 4,60,000 അന്തർദ്ദേശീയ വിദ്യാർഥികൾ ബ്രിട്ടനിൽ പഠനത്തിനായി എത്തിയിരുന്നു. അടുത്ത 10 വർഷത്തിനുള്ളിൽ ഈ സംഖ്യ 6,00,000 ആയി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.ടയർ 2 വർക്ക് വീസക്ക് ആവശ്യമായ 30,000 പൗണ്ട് ശന്പള പരിധിയാണ് സർക്കാരിന്‍റെ പ്രഖ്യാപനം ഉയർത്തിക്കാട്ടുന്നതെന്ന് ഷാഡോ ഹോം സെക്രട്ടറി ഡിയാൻ അബോട്ട് പറഞ്ഞു.ബിരുദധാരികളിൽ പലരും മികച്ച വൈദ്യശാസ്ത്രവും മറ്റ് ഗവേഷണങ്ങളും നടത്തുന്നുണ്ടെന്ന് അബോട്ട് പറഞ്ഞു. ഇവിടെ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും അവരെ ആകർഷിക്കുവാനും നിയമം സഹായിക്കും.

സർക്കാരിന്‍റെ പുതിയ പ്രഖ്യാപനത്തെ മൈഗ്രേഷൻ വാച്ച് പോലുള്ള കാന്പയിൻ ഗ്രൂപ്പുകൾ ശക്തമായ എതിർപ്പുമായി രംഗത്തുവന്നിട്ടുണ്ട്.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി കർക്കശമായ പരിശോധനകളും നിബന്ധനകളും അടിസ്ഥാനമാക്കിയാവും വീസ നൽകുന്നത്. അതുകൊണ്ടുതന്നെ കഴിവുറ്റ വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് പദ്ധതി ത‍യാറാക്കിയത്.ഇതിന്‍റെ മാർഗനിർദേശങ്ങൾ ഉടനടി പുറത്തിറക്കുമെന്നും ബോറിസ് സർക്കാരിന്‍റെ ആഗോളവീക്ഷണം ലോകം അഗീകരിക്കുമെന്നും ഇന്ത്യൻ അടിവേരുള്ള ഹോം സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു.കഴിഞ്ഞ മൂന്നു വർഷത്തിനിടെ ബ്രിട്ടനിൽ പഠിക്കാനെത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം ഇരട്ടിയോളമാണ്. 2019 മാർച്ച് വരെയുള്ള കണക്കിൽ 21,000 സ്റ്റുഡന്‍റ് വീസകളാണ് ഇന്ത്യക്കാർ നേടിയത്. പുതിയ പ്രഖ്യാപനം ഇവിടേയ്ക്കുള്ള വരവിന്‍റെ ആക്കം കൂട്ടുകതന്നെ ചെയ്യുമെന്നു തീർച്ചയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ