ജര്‍മനിയിലെ ചെംനിറ്റ്‌സ് കത്തിക്കുത്ത്: സിറിയക്കാരനു തടവ്
Saturday, August 24, 2019 11:59 AM IST
ബര്‍ലിന്‍: ജര്‍മനിയില്‍ തീവ്ര വലതുപക്ഷ വിഭാഗങ്ങളുടെ ലഹളയ്ക്ക് തിരികൊളുത്തിയ കത്തിക്കുത്ത് കേസിലെ പ്രതിയായ അഭയാര്‍ത്ഥി സിറിയക്കാരന് ജര്‍മന്‍ കോടതി ഒമ്പതര വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

അലാ ഷെയ്ക്കി എന്ന ഇരുപത്തിനാലുകാരനാണ് പ്രതി. ഡാനിയല്‍ ഹില്ലിങ് എന്ന മുപ്പത്തഞ്ചുകാരനാണ് കുത്തേറ്റു മരിച്ചത്. കേസില്‍ കൂട്ടുപ്രതിയായ ഇറാക്കി പൗരന്‍ സംഭവത്തിനു ശേഷം ജര്‍മനിയില്‍ നിന്നു കടന്നു കളഞ്ഞു എന്നാണ് കരുതപ്പെടുന്നത്.

വിചാരണയില്‍ ഉടനീളം മിക്കപ്പോഴും മൗനമായാണ് ഷെയ്ക്കി പങ്കെടുത്തത്. കൊല്ലപ്പെട്ടയാളെയോ കൊല്ലാന്‍ ഉപയോഗിച്ച കത്തിയോ താന്‍ കൈകൊണ്ടു തൊട്ടിട്ടു പോലുമില്ലെന്നു ഒരു ടെലിഫോണ്‍ അഭിമുഖത്തില്‍ ഇയാള്‍ അവകാശപ്പെടുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍