സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തിരക്കേറുന്നു
Friday, August 16, 2019 11:04 PM IST
ബംഗളൂരു: ലാൽബാഗിൽ ആരംഭിച്ച സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് സന്ദർശകത്തിരക്കേറുന്നു. മൈസൂരുവിലെ അവസാനത്തെ മഹാരാജാവ് ജയചാമരാജ വോഡയാറിന്‍റെ ജന്മശതാബ്ധിയോടനുബന്ധിച്ച് അദ്ദേഹത്തിനുള്ള ആദരവായാണ് ഇത്തവണത്തെ പുഷ്പമേള സംഘടിപ്പിക്കുന്നത്. മൈസൂരുവിലെ ചാമരാജേന്ദ്ര വൊഡയാർ സർക്കിൾ, കൊട്ടാരത്തിലെ രാജദർബാർ‌, ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡൻ എന്നിവയുടെ പുഷ്പമാതൃകകളാണ് ഇത്തവണത്തെ പുഷ്പമേളയുടെ പ്രധാന ആകർഷണം.

രണ്ടുകോടി രൂപ ചെലവിട്ടാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്. ഊട്ടി, നന്ദി ഹിൽസ്, കെമ്മനഗുണ്ടി ഹിൽ സ്റ്റേഷൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുമായി 92 വ്യത്യസ്ത ഇനങ്ങളിലുള്ള പന്ത്രണ്ടര ലക്ഷം പുഷ്പങ്ങളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.

കനത്ത സുരക്ഷയാണ് പുഷ്പമേളയോടനുബന്ധിച്ച് ലാൽബാഗിൽ ഒരുക്കിയിരിക്കുന്നത്. വിവിധ ഭാഗങ്ങളിലായി നൂറോളം സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പോലീസും ഹോംഗാർഡുകളും റിസർവ് പോലീസുമടക്കം 350 പേരെയാണ് സുരക്ഷാ ജോലിക്കായി വിന്യസിച്ചിരിക്കുന്നത്. കൂടാതെ അഗ്നിശമനസേനയുടെ ഒരു യൂണിറ്റും അഞ്ച് ആംബുലൻസുകളും പാരാ മെഡിക്കൽ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.

അതേസമയം, സ്കൂൾ ബസുകൾക്കും ഭിന്നശേഷിക്കാരുടെ വാഹനങ്ങൾക്കും മാത്രമാണ് ലാൽബാഗിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. മറ്റു വാഹനങ്ങൾക്കായി ശാന്തിനഗർ ബസ് സ്റ്റാൻഡ് കോംപ്ലക്സിലും ജെസി റോഡിലെ ബിബിഎംപി കാർപാർക്കിലും അൽ അമീൻ കോളജ് മൈതാനത്തും പാർക്കിംഗ് ക്രമീകരിച്ചിട്ടുണ്ട്.