ഓസ്ലോ വെടിവയ്പ് ഭീകരാക്രമണം തന്നെ
Monday, August 12, 2019 9:20 PM IST
ഓസ്ലോ: നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിലെ മുസ് ലിം പള്ളിയിലുണ്ടായ വെടിവയ്പ് ഭീകരാക്രമണം തന്നെയായിരുന്നുവെന്ന് പോലീസ്. വെടിവയ്പ് നടത്തിയയാൾ വലതു വംശീയവാദിയും കുടിയേറ്റവിരുദ്ധ നിലപാടുള്ളയാളുമാണെന്ന് പോലീസ് പറഞ്ഞു.

ഓസ്ലോയിലെ അൽ-നൂർ ഇസ് ലാമിക് സെന്‍ററിൽ ശനിയാഴ്ചയാണ് ആയുധധാരി വെടിവയ്പ് നടത്തിയത്. ഒരാൾക്ക് നിസാരപരിക്കേറ്റതൊഴിച്ചാൽ ആർക്കും ആളപായമുണ്ടായില്ല. സംഭവം നടക്കുന്പോൾ മൂന്നുപേർമാത്രമാണ് പള്ളിയിലുണ്ടായിരുന്നത്. ഇവർക്കുനേരെ വെടിയുതിർക്കാൻ തുടങ്ങവേ പള്ളിയിലുണ്ടായിരുന്നവരിൽ ഒരാൾ അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു.

അക്രമിയിൽനിന്ന് രണ്ടുതോക്കുകൾ കണ്ടെടുത്തുവെന്നും പോലീസ് പറഞ്ഞു. 20-നും 30-നും ഇടയിൽ പ്രായമുള്ള ഇയാളുടെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ