ജൂലൈയിൽ രേഖപ്പെടുത്തിയത് റിക്കാർഡ് ചൂട്
Saturday, August 10, 2019 8:56 PM IST
പാരിസ്: ലോകത്ത് ഏറ്റവും ഉയർന്ന ശരാശരി താപനില രേഖപ്പെടുത്തിയത് ഇക്കഴിഞ്ഞ ജൂലൈയിൽ. യൂറോപ്യൻ യൂണിയന്‍റെ സാറ്റലൈറ്റ് കേന്ദ്രീകൃത എർത്ത് ഒബ്സർവേഷൻ നെറ്റ് വർക്ക് സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതു സംബന്ധിച്ച കണക്കുകൂട്ടലുകൾ നടത്തിയിരിക്കുന്നതെന്ന് കോപർനിക്കസ് കാലാവസ്ഥ മാറ്റ വിഭാഗം മേധാവി നോയൽ തിപോ.

സാധാരണഗതിയിൽതന്നെ ലോകാടിസ്ഥാനത്തിൽ വർഷത്തിൽ കൂടുതൽ ചൂടുള്ള മാസമാണ് ജൂലൈ എങ്കിലും ഈ വർഷത്തെ ജൂലൈ എക്കാലത്തെയും ചൂടുള്ള മാസമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹരിതവാതക പുറംതള്ളലും അതുവഴിയുള്ള ആഗോളതാപനവും കാരണമായി ചൂട് ഇനിയും വർധിക്കുമെന്നും ഈ റിക്കാർഡും തകർക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതുവരെയുള്ള ചൂടിന്‍റെ റിക്കാർഡ് 2016 ജൂലൈക്കായിരുന്നു. അതിനെക്കാൾ 0.04 സെൽഷ്യസ് ഡിഗ്രി ചൂടാണ് ഈ വർഷം ജൂലൈയിൽ രേഖപ്പെടുത്തിയത്. ആഗോളതലത്തിൽ താപനില ഉയരാൻ കാരണമായ എൽനിനോ പ്രതിഭാസമുണ്ടായ സമയമായിരുന്നു 2016 ജൂലൈ. അതിനെക്കാൾ ചൂടാണ് അത്തരം പ്രതിഭാസമൊന്നുമില്ലാത്ത ഇത്തവണ അനുഭവപ്പെട്ടതെന്നത് അതിന്‍റെ ഗൗരവം വർധിപ്പിക്കുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ