കൊളോണിലെ ഇന്ത്യൻ സമൂഹം ഓശാന തിരുനാൾ ആഘോഷിച്ചു
Tuesday, April 16, 2019 10:57 PM IST
കൊളോണ്‍: കൊളോണിലെ ഇന്ത്യൻ സമൂഹം യേശുവിന്‍റെ ജെറുസലേം പ്രവേശനത്തിന്‍റെ ഓർമ്മകൾ പുതുക്കി ഭക്തിനിർഭരമായി ഓശാനത്തിരുനാൾ ആഘോഷിച്ചു.

ഏപ്രിൽ 14 ന് വൈകുന്നേരം 5 ന് മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ ദേവാലയ ഹാളിൽ നടന്ന ഓശാനയുടെ കർമ്മങ്ങളോടെ തുടക്കം കുറിച്ചു. പ്രത്യേകം തയാറാക്കിയ പീഠത്തിൽ കേരളത്തിൽ നിന്നും എത്തിച്ച കുരുത്തോല വെഞ്ചരിച്ച് കമ്യൂണിറ്റി ചാപ്ളെയിൻ ഫാ. ഇഗ്നേഷസ് ചാലിശേരി സിഎംഐ വിശ്വാസികൾക്ക് നൽകി. ഫാ.മാത്യു ഓലിക്കൽ എംസിബിഎസ്, ഫാ.ജോമോൻ മുളരിയ്ക്കൽ സിഎംഐ, ഫാ ഡേവീസ് ചക്കാലമുറ്റത്തിൽ എന്നിവർ സഹകാർമ്മികരായിരുന്നു. ജിം ജോർജ്ജ്, ജെൻസ്, ജോയൽ കുന്പിളുവേലിൽ, ഡേവിഡ് ചിറ്റിലപ്പിള്ളി, ജോനാസ് വെന്പേനിയ്ക്കൽ, നോയൽ ജോസഫ് എന്നിവർ ശുശ്രൂഷികളായി. ജോസ്ന വെന്പേനിയ്ക്കൽ, മെറിൻ കരിന്പിൽ എന്നിവർ ലേഖനം വായിച്ചു.

തുടർന്ന് ഇൻഡ്യൻ സമൂഹം ദാവീദിന്‍റെ പുത്രന് ഓശാന പാടി പ്രദക്ഷിണമായി ദേവാലയത്തിൽ പ്രവേശിച്ചു. ദിവ്യബലിയിൽ ഫാ.മാത്യു ഓലിയ്ക്കൽ സന്ദേശം നൽകി. യൂത്ത് കൊയറിന്‍റെ ഗാനാലാപനം ദിവ്യബലിയെ കൂടുതൽ ഭക്തിസാന്ദ്രമാക്കി.

ഓശാനയുടെ പരിപാടികൾക്ക് ഡേവീസ് വടക്കുംചേരി, സെക്രട്ടറി ഡേവിഡ് അരീക്കൽ, ഷീബ കല്ലറയ്ക്കൽ, ടോമി തടത്തിൽ, സൂസി കോലത്ത് എന്നിവർ നേതൃത്വം നൽകി.

ദിവ്യബലിയ്ക്കുശേഷം ഓശാനയുടെ സ്മൃതികളുണർത്തുന്ന കേരള ക്രൈസ്തവ പാരന്പര്യ പ്രതീകമായ കൊഴുക്കട്ട എന്ന വിശേഷ ഭോജ്യവും കാപ്പിക്കൊപ്പം ഒരുക്കിയിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ