കുവൈറ്റ് ഇന്ത്യൻ എംബസി ഭരണഘടനാ ദിനം ആഘോഷിച്ചു
Sunday, November 27, 2022 3:51 PM IST
അബ്ദുല്ല നാലുപുരയിൽ
കുവൈറ്റ് : രാജ്യത്തിന്‍റെ എഴുപത്തിരണ്ടാം ഭരണഘടനാ ദിനം (സംവിധാൻ ദിവസ്) കുവൈറ്റ് ഇന്ത്യൻ എംബസി വിപുലമായി ആഘോഷിച്ചു. 1950 ജനുവരി 26 നു പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത് 1949 നവംബർ 26 നാണെന്നതിനാലാണ് നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടനാ ദിനം ഓരോ ഇന്ത്യക്കാരന്റെയും ആഘോഷദിനമാണെന്ന് ഇന്ത്യൻ എംബസ്സി ചാർജ് ഡി അഫയേർസ് ശ്രീമതി സ്മിതാ പാടീൽ അവരുടെ സന്ദേശപ്രസംഗത്തിൽ പറഞ്ഞു.

പ്രതിസന്ധികൾ നിറഞ്ഞ ഒരു കാലഘട്ടത്തിൽ ഭരണഘടനാ നിർമ്മാണം മനോഹരമായി നിർവഹിച്ച ഭരണഘടനാ സമിതി അംഗങ്ങളുടെ സേവനത്തെ പ്രകീർത്തിച്ച സ്മിതാ പാട്ടീൽ, ലോകത്തെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയായ ഇന്ത്യൻ ഭരണഘടന രാജ്യത്തെ പൗരന്മാർക് എല്ലാ മൗലികാവകാശങ്ങളും ഉറപ്പ് നല്കുന്നതാണെന്ന് എടുത്തു പറയുകയും ചെയ്തു. 2008 നവംബർ 26 നുണ്ടായ മുംബൈ ഭീകരാക്രമണത്തിലെ ഇരകൾക്കു ആദരാഞ്ജലികൾ അർപ്പിച്ച സ്മിതാ പാട്ടീൽ ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.

വിവിധ ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ 16 ഭാഷകളിൽ ഭരണഘടനയുടെ ആമുഖം ചടങ്ങിൽ വായിച്ചു. ഭരണഘടനാ നിർമാണഘട്ടം വിവരിക്കുന്ന പ്രദർശനവും ഉണ്ടായിരുന്നു.