മെഡ്കെയർ, വെൽകെയർ സന്നദ്ധ പ്രവർത്തകർക്ക് സ്നേഹാദരം നൽകി
Friday, June 17, 2022 9:33 PM IST
മനാമ: കോവിഡ് കാലത്തും അതിനു ശേഷവും ബഹ്റൈനിലെ പ്രവാസി സമൂഹത്തിനു ആവശ്യമായ സേവനം നൽകിയ വെൽകെയറിൻ്റെയും ജീവൻ രക്ഷാ മരുന്നുകൾ നൽകുന്ന മെഡ്കെയറിൻ്റെയും മുൻനിര സന്നദ്ധ പ്രവർത്തകർക്ക് പ്രവാസി വെൽഫെയർ, ബഹ്‌റൈൻ സ്നേഹാദരം നൽകി. ഡോ. അനൂപ് അബ്ദുല്ല മുഖ്യാതിഥിയായിരുന്നു.

കോവിഡ് മഹാമാരിയിൽ ജോലിയും വരുമാനവും ഇല്ലാതെ പ്രയാസപ്പെട്ട ദുരിതബാധിതരായ ആയിരക്കണക്കിന് പ്രവാസികൾക്ക് സാന്ത്വനം നൽകുവാൻ വെൽകെയറിന് സാധിച്ചതായ് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രവാസി വെൽഫെയർ ബഹ്‌റൈൻ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ പറഞ്ഞു.

ദുരിതബാധിതരെ സഹായിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആരംഭിച്ച ഹെൽപ് ഡെസ്ക് വഴി ഭക്ഷണം, മരുന്ന്, താമസം, യാത്രാ സഹായം, കൗൺസിലിംഗ്, ആഘോഷവേളകൾ എല്ലാവരുടേതും ആകാൻ പ്രത്യേകം പദ്ധതികൾ, ആരോഗ്യ ബോധവൽക്കരണം, ശുചിത്വ ബോധവൽക്കരണം തുടങ്ങി വ്യത്യസ്തമായ സേവന പദ്ധതികൾ ആവിഷ്കരിക്കുകയും ബഹ്റൈനിലെ സ്വദേശികളും വിദേശികളുമായ സുമനസ്സുകളുടെ സഹായത്തോടെ അർഹരായ ആളുകൾക്ക് സാന്ത്വനം ആകുവനും ടീം വെൽകെയറിന് കഴിഞ്ഞു.

സേവന സന്നദ്ധരായ വെൽകെയർ വളണ്ടിയർമാരുടെ സഹായത്തോടെ രാപകൽ ഭേദമന്യേ ബഹ്റൈനിൻ്റെ എല്ലാ ഭാഗങ്ങളിലും വെൽകെയറും മെഡ്കെയറും നടത്തിയ എണ്ണമറ്റ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വെൽകെയർ കൺവീനർ അബ്ദുൽ മജീദ് തണലിന് കോവിഡ് കാലത്തെ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മീഡിയവണ്‍ ബ്രേവ് ഹാർട്ട് പുരസ്കാരവും പ്രവാസി ഗൈഡൻസ് പുരസ്കാരവും ലഭിച്ചത് അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള വെൽകെയറും മെഡ്കെയറും നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവും കൂടിയാണ് എന്ന് അദ്ദേഹം പറഞ്ഞു.

ഡോക്ടര്. അനൂപ് അബ്ദുല്ല, ജമാൽ ഇരിങ്ങൽ, റഷീദ സുബൈർ എന്നിവർ വെൽകെയർ സന്നദ്ധ പ്രവർത്തകരെ പൊന്നാട അണിയിച്ചു. അബ്ദുൽ ഹഖ്, അബ്ദുൽ ജലീൽ, ഫൈസൽ എം എം, ഫസലു റഹ്മാൻ, നൗമൽ റഹ്‌മാൻ, മുനീർ എം എം, സമീർ മനാമ, സമീറ നൗഷാദ് എന്നിവർ സ്നേഹാദരവ് ഏറ്റുവാങ്ങി.

പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് അംഗം സിറാജ് പള്ളിക്കര സ്നേഹാദരവ് പ്രഭാഷണം നടത്തി. മെഡ്കെയർ, വെൽകെയർ കൺവീനർ മജീദ് തണൽ സ്വാഗതവും ജനറൽ സെക്രട്ടറി സി എം മുഹമ്മദലി നന്ദിയും പറഞ്ഞു.