എസ്എംസിഎ കുവൈറ്റിനു പുതിയ നേതൃത്വം
Wednesday, May 18, 2022 12:57 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: സീറോ മലബാർ സിനഡിന്‍റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കുവൈറ്റിലെ ഏക അല്മായ സംഘടനയായ എസ്എംസിഎ കുവൈറ്റിന്‍റെ 27-ാമത് ഭരണസമിതി ചുമതലയേറ്റു.

പുതിയ ഭാരവാഹികളായി സാൻസിലാൽ പാപ്പച്ചൻ ചക്യത്ത് (പ്രസിഡന്‍റ്), ബോബിൻ ജോർജ് (വൈസ് പ്രസിഡന്‍റ്), ഷാജിമോൻ ജോസഫ് ഈരേത്ര (സെക്രട്ടറി), ജിജിമോൻ കുര്യാള (ജോയിന്‍റ് സെക്രട്ടറി), ജോസ് മത്തായി പൊക്കാളിപ്പടവിൽ (ട്രഷറർ), കുര്യാക്കോസ്‌ മുണ്ടിയാനി (ജോയിന്‍റ് ട്രഷറർ), ഫ്രാൻസിസ് പോൾ (ഓഫീസ് സെക്രട്ടറി ), ജിമ്മി സ്കറിയ (ബാല ദീപ്തി ചീഫ് കോഓർഡിനേറ്റർ), തോമസ് കറുകക്കളം (കൾച്ചറൽ കൺവീനർ), ബെന്നി തോമസ് ചെരപ്പറമ്പൻ (സോഷ്യൽ വെൽഫെയർ കൺവീനർ), അനൂപ് ആൻഡ്രൂസ് ആലനോലി (മീഡിയ കൺവീനർ) എന്നിവരും വിവിധ ഏരിയകളുടെ ജനറൽ കൺവീനർമാരായി ബോബി തോമസ്(അബാസിയ), സന്തോഷ് ജോസഫ് വടക്കേമുണ്ടാനിയിൽ (ഫാഹേൽ),
സുനിൽ തോമസ് തൊടുക (സാൽമിയ), ജിസ് എം. ജോസ്‌ (സിറ്റി ഫർവാനിയ) എന്നിവരും ചുമതലയേറ്റു.

രണ്ടു മാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രക്രിയയകൾക്ക് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ അഡ്വ. ബെന്നി തോമസ് നാല്പതാംകളം നേതൃത്വം നൽകി.

1995 ൽ കുവൈറ്റിൽ സ്ഥാപിതമായ എസ്എംസിഎ സാമൂഹിക, സാംസ്‌കാരിക, ആധ്യാത്മിക മേഖലകളിൽ കഴിഞ്ഞ 25 വർഷക്കാലമായി വളരെ ശ്രദ്ധേയമായ സാന്നിധ്യമായി നിലകൊള്ളുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് മറ്റു ഗൾഫ് രാജ്യങ്ങളിൽ സീറോ മലബാർ അല്മായ കൂട്ടായ്മകൾ രൂപംകൊള്ളാൻ സംഘടനയുടെ പ്രവർത്തനങ്ങൾ ഒരു പ്രചോദനമായി.

കോവിഡ്കാല ചാരിറ്റി പ്രവർത്തനങ്ങൾ, രോഗികൾക്കും അശരണർക്കും ഉള്ള സാമ്പത്തിക സഹായങ്ങൾ, ഭവന നിർമാണ പദ്ധതികൾ, മലയാള ഭാഷാ പഠന പദ്ധതി, നിർധന കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായ പദ്ധതി തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്കൊപ്പം മരണപ്പെടുന്ന അംഗങ്ങൾക്ക് ഫാമിലി ബെനിഫിറ്റ് സ്കീമും വർഷങ്ങളായി നടപ്പിലാക്കുന്നു.

സോൺ, ഏരിയ, കേന്ദ്രകമ്മിറ്റി എന്നിങ്ങനെ ത്രിതല ഭരണസംവിധാനമുള്ള എസ്എംസിഎ യുടെ ഉപവിഭാഗങ്ങളായി, രജത ജൂബിലി നിറവിൽ കുട്ടികളുടെ ബാലദീപ്തിയും യുവജനങ്ങളുടെ എസ്എംവൈഎം പ്രവർത്തിക്കുന്നു.