ഇനി സൗദിയിലേക്ക് നേരിട്ട് പറക്കാം
Friday, November 26, 2021 11:06 AM IST
റിയാദ്: സൗദി അറേബ്യയിലേക്ക് ഇന്ത്യയടക്കം ആറ് രാജ്യങ്ങളിൽ നിന്നും നേരിട്ടുള്ള യാത്രാവിലക്ക് നീക്കി. ഡിസംബർ ഒന്നാം തീയതി ബുധനാഴ്ച അർദ്ധരാത്രി ഒരു മണി മുതൽ ഇന്ത്യ, പാക്കിസ്ഥാൻ, ബ്രസീൽ, ഇന്തോനേഷ്യ, വിയറ്റ്‌നാം, ഈജിപ്ത് എന്നെ രാജ്യങ്ങളിൽ നിന്നാണ് നേരിട്ട് യാത്രാനുമതി എന്ന് എല്ലാ അന്താരാഷ്ട്ര വിമാനകമ്പനികൾക്കും സൗദി സിവിൽ ഏവിയേഷൻ അതോറിട്ടി അയച്ച സർക്കുലറിൽ വ്യക്തമാക്കി.

കോവിഡ് വ്യാപനത്തോടെ മാസങ്ങളായി ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ട് വിമാനസർവ്വീസ് ഉണ്ടായിരുന്നില്ല. വന്ദേഭാരത്, ചാർട്ടേർഡ് വിമാനങ്ങളിലായിരുന്നു സൗദിയിൽ നിന്നും തിരിച്ചു വരേണ്ട യാത്രക്കാർ വന്നിരുന്നത്. ആരോഗ്യമേഖലയിലും നയതന്ത്ര കാര്യാലയങ്ങളിലും ജോലി ചെയ്യുന്നവർക്ക് മാത്രമാണ് നേരിട്ട് യാത്ര ചെയ്യാൻ അനുമതി ഉണ്ടായിരുന്നത്. അടുത്ത സമയത്ത് സൗദിയിൽ നിന്നും രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും യാത്രാനുമതി ഉണ്ടായിരുന്നു.

സൗദിയിലെ പ്രവാസി ഇന്ത്യക്കാർ മാസങ്ങളായി കാത്തിരുന്ന പ്രഖ്യാപനമാണ് അധികൃതരിൽ നിന്നുണ്ടായിരിക്കുന്നത്. നിലവിൽ ഇന്ത്യയിലെ അന്താരാഷ്ട്ര യാത്രാവിമാനങ്ങളുടെ വിലക്ക് നവംബർ 30 വരെയാണുള്ളത്. ഡിസംബർ ഒന്ന് മുതൽ ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര സർവ്വീസുകൾ സാധാരണ നിലയിൽ ആകുമെന്ന സൂചനയാണുള്ളത്.

നേരിട്ടെത്തുന്ന യാത്രക്കാർക്ക് വാക്സിൻ നിബന്ധനകൾ ബാധകമല്ലെങ്കിലും സൗദിയിൽ നിന്നും രണ്ട് ഡോസ് വാക്‌സിൻ എടുക്കാത്തവർക്ക് 5 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റൈൻ നിര്ബന്ധമായിരിക്കും. ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാരാണ് സൗദി അറേബ്യയിൽ നിന്നും നാട്ടിലെത്തി തിരിച്ചു പോകാനാവാതെ കുടുങ്ങിയിരുന്നത്. നിലവിൽ യു എ ഇ പോലുള്ള രാജ്യങ്ങളിൽ 14 ദിവസം തങ്ങിയ ശേഷമാണ് ഇവർ സൗദിയിലേക്ക് പറന്നിരുന്നത്. ഭീമമായ തുകയാണ് ട്രാവൽ ഏജൻസികൾ ഇതിനായി പ്രവാസികളിൽ നിന്നും ഈടാക്കിയിരുന്നത്.

ഷക്കീബ് കൊളക്കാടൻ