ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ അബുദാബി ചാപ്റ്റർ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നു
Sunday, November 21, 2021 3:29 PM IST
അബുദാബി : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ അബുദാബി ചാപ്റ്ററിന്‍റെ 33-ാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നു. നവംബർ 25 , 26 ദിവസങ്ങളിൽ അബുദബി ബാബ് അൽ ബഹർ ഫെയർമൗണ്ട് ഹോട്ടലിൽ ആണ് വിവിധ പരിപാടികളോടെ സെമിനാർ നടക്കുകയെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു .

ബിൽഡിംഗ് റെസിലിയൻസ് - എമർജിംഗ് സ്ട്രോങ്ങർ എന്ന സന്ദേശത്തിൽ ആണ് ഇത്തവണ രണ്ട് ദിനങ്ങളിലായി സെമിനാർ നടക്കുക. ഇന്ത്യ- യു എ ഇ എന്നിവിടങ്ങളിലെ ബിസിനസ്സ്, കായിക, സിനിമാ ലോകത്തെ പ്രമുഖർ പങ്കെടുക്കും . കോവിഡ് സൃഷ്ട്ടിച്ച പ്രതിസന്ധികളിൽ നിന്നുള്ള അതിജീവനത്തിന്‍റേയും,പുതിയ സാധ്യതകളുടെ കണ്ടെത്തലുമാണ് സെമിനാറിൽ ചർച്ചകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐ സി എ ഐ ചെയർമാൻ സിഎ നീരജ് റിട്ടോലിയ വ്യക്തമാക്കി.

സാങ്കേതികവും പ്രചോദനാത്മകവുമായ സെഷനുകൾക്ക് പുറമെ സംഗീതസംഗമവും രണ്ട് ദിവസത്തെ പരിപാടിയെ വേറിട്ടതാക്കുമെന്ന് ജനറൽ സെക്രട്ടറി എൻ വി കൃഷ്ണൻ വ്യക്തമാക്കി. എച്ച്‌ഡിഎഫ്‌സി സിഇഒയും വൈസ് ചെയർമാനുമായ കെക്കി മിസ്‌ത്രി, ടോക്കിയോ പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ വെള്ളി മെഡൽ ജേതാവ് ഭവിന പട്ടേൽ, ചലച്ചിത്ര സംവിധായകൻ ശേഖർ കപൂർ, മണപ്പുറം ഫിനാൻസ് സിഇഒയും മാനേജിങ് ഡയറക്ടറുമായ വി പി നന്ദകുമാർ ഉൾപ്പെടെ 18 പേർ ചടങ്ങിൽ സംസാരിക്കും.

200 അതിഥികൾ ഉൾപ്പെടെ 1,500 പേരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. വിവിധ മേഖലകളിലെ വിദഗ്ധരെയും നേതാക്കളെയും സെമിനാറിൽ ഒരു കുടക്കീഴിൽ അണിനിരത്തുമെന്ന് വൈസ് ചെയർമാൻ സിഎ ജോൺ ജോർജ് പറഞ്ഞു. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ സെമിനാറിന്റെ ഭാഗമാകും. മുഹമ്മദ് ഷഫീക്, ഷഫീഖ് നീലയിൽ, പ്രിയങ്ക ബിർള, അജയ് സിംഗ്വി, രാജീവ് ദത്തർ, രമേഷ് ദവെ, മോനിഷ് മോഹൻ, ആനന്ദ് ഗുപ്ത, രോഹിത് ദൈമ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

അനിൽ സി ഇടിക്കുള