റിസാല സ്റ്റഡി സര്‍ക്കിള്‍: പതിനാലാമത് ബുക്‌ടെസ്റ്റിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു
Friday, October 22, 2021 4:16 PM IST
കുവൈറ്റ് സിറ്റി : റിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന പതിനാലാമത് ബുക്‌ടെസ്റ്റിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു.

"പ്രവാചകരുടെ ജീവിതവും സന്ദേശവും അറിയുക. പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും വായനാശീലം വളര്‍ത്തുക' എന്നതാണ് ബുക്‌ടെസ്റ്റിന്‍റെ ലക്ഷ്യം. "തിരുനബി (സ്വ) സഹിഷ്ണുതയുടെ മാതൃക' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മീലാദ് കാമ്പയിനിന്‍റെ ഭാഗമായാണ് ഗ്ലോബല്‍ ബുക്‌ടെസ്റ്റ് സംഘടിപ്പിക്കുന്നത്.

പൊതുവായി മലയാളത്തിലും വിദ്യാഥികള്‍ക്ക് ഇംഗ്ലീഷിലും നടക്കുന്ന പരീക്ഷ രണ്ട് ഘട്ടങ്ങളിലായാണ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 19 വരെ പുസ്തകത്തോടൊപ്പം പ്രസിദ്ധീകരിക്കുന്ന ചോദ്യാവലിക്ക് ഉത്തരം നല്‍കി യോഗ്യത പരീക്ഷയില്‍ പങ്കെടുക്കാം. ഈ റൗണ്ടില്‍ നിശ്ചിത മാര്‍ക്ക് നേടുന്നവര്‍ക്ക് നവംബര്‍ 26 നാണ് ഫൈനല്‍ പരീക്ഷ.

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ രചിച്ച്, ഐ പി ബി പ്രസിദ്ധീകരിച്ച "മുഹമ്മദ് റസൂല്‍ (സ്വ)' എന്നതാണ് ടെസ്റ്റിനുള്ള മലയാള പുസ്തകം. നൗഫല്‍ അബ്ദുല്‍ കരീം രചിച്ച 'Beloved of The Nation' എന്ന ഇംഗ്ലീഷ് പുസ്തകത്തെ ആസ്പദമാക്കിയാണ് വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷ.

പ്രത്യേകം തയാറാക്കിയ ഡിജിറ്റല്‍ സംവിധാനത്തിലൂടെയാണ് അരലക്ഷം മലയാളികളിലേക്ക് വായന സൗകര്യം ഒരുക്കുക. ഡിസംബര്‍ ഒന്നിനു അന്തിമ ഫലം പ്രസിദ്ധീകരിക്കും.

പ്രവാചകരുടെ ജീവിത ദര്‍ശനങ്ങള്‍ മാനവ സമൂഹത്തില്‍ പഠന വിധേയമാക്കുന്നതിനും അതുവഴി സ്‌നേഹത്തിന്‍റേയും സഹവര്‍ത്തിത്വത്തിന്‍റേയും മാതൃകകള്‍ പ്രചരിപ്പിക്കുവാനും ബുക്‌ടെസ്റ്റ് വഴി കഴിയുന്നുവെന്ന് ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ പത്രകുറിപ്പില്‍ അറിയിച്ചു.

രജിസ്ട്രേഷന്: www.booktest.rsconline.org

സലിം കോട്ടയിൽ