കേരള പ്രളയം: ഇന്ത്യന്‍ എംബസിയില്‍ സംഘടന പ്രതിനിധികളുടെ യോഗം വിളിച്ചു
Wednesday, October 20, 2021 7:02 PM IST
കുവൈറ്റ് സിറ്റി: കേരളത്തിലെ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി ഇന്ത്യൻ ‌ അംബാസഡർ സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു.

കേരളത്തിലെ ചീഫ് സെക്രട്ടറിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ബന്ധപ്പെടുന്നുണ്ടെന്നും എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നും അംബാസഡർ സിബി ജോർജ് അറിയിച്ചു.

പ്രളയപശ്ചാത്തലത്തിൽ എംബസി ഓഡിറ്റോറിയത്തില്‍ വിളിച്ചുചേർത്ത അടിയന്തര യോഗത്തി സംസാരിക്കുകയായിരുന്നു സിബി ജോർജ് .

മഴക്കെടുതിയിൽ 35 പേർക്കാണ് ജീവൻ നഷ്‌ടമായത്. ഒരുപാട് പേരെ കാണാതായിട്ടുണ്ട്. നിരവധി വീടുകൾ തകർന്നു. പ്രളയ സാഹചര്യം ഇപ്പോഴും തുടരുകയാണ്. രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളെയും പ്രളയം ബാധിച്ചിട്ടുണ്ട്. സർക്കാർ ആവശ്യമുള്ള നടപടികളെല്ലാം സ്വീകരിക്കുന്നുണ്ട്. മഴക്കെടുതിയിൽ ജീവൻ നഷ്ടമായവർക്ക് അനുശോചനം അറിയിക്കുന്നുവെന്നും സ്ഥാനപതി പറഞ്ഞു.

ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്കുവേണ്ടിയുള്ള മൗനപ്രാർഥനയോടെയാണ് യോഗം ആരംഭിച്ചത്. പ്രതിസന്ധിയുടെ ഘട്ടത്തിൽ കേരള ജനതക്കൊപ്പം നിലകൊള്ളേണ്ടതിന്‍റെ പ്രാധാന്യം അംബാസഡർ എടുത്തുപറഞ്ഞു.

തുടർന്നു സംസാരിച്ച സംഘടന നേതാക്കൾ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട വിവിധ നിർദേശങ്ങൾ മുന്നോട്ടുവച്ചു.

കേരളത്തിലെ ദുരിതത്തില്‍ കുവൈത്ത് അമീർ അനുശോചനം അറിയിച്ചിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലും പിന്തുണ നൽകുന്ന അമീറിനും കുവൈറ്റിലെ നേതൃത്വങ്ങൾക്കും ജനങ്ങൾക്കും നന്ദി അറിയിക്കുന്നുവെന്നും സിബി ജോർജ് പറഞ്ഞു. തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ഐസിഎസ്ജി മെംബറും ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡന്‍റുമായ ഡോ. അമീർ അഹ്മദിനെ അംബാസഡർ ചുമതലപ്പെടുത്തി.

സലിം കോട്ടയിൽ