ഖുര്‍ആന്‍ മത്സരങ്ങളുടെ സമാപനം ഏഴിന്
Friday, May 7, 2021 3:47 PM IST
കുവൈറ്റ് സിറ്റി: വിശുദ്ധ റംസാനിൽ ഖുര്‍ആന്‍ ആസ്പദമാക്കി റിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ 'തര്‍തീല്‍' ഈ മാസം എഴിന് തുടങ്ങുന്ന ഗള്‍ഫ് ഗ്രാന്‍ഡ് ഫിനാലെയോടെ സമാപനമാകും. 7 , 14 തിയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഗള്‍ഫ് തര്‍തീല്‍ നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ദേശീയ മത്സരത്തില്‍ പങ്കെടുത്തു വിജയിച്ച 115 പ്രതിഭകള്‍ ഓണ്‍ലൈനായി നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരുക്കും.

ഖുര്‍ആന്‍ പഠനം, പാരായണം, ആശയ പ്രചാരണം എന്നിവ ലക്ഷ്യം വച്ചു നടന്നു വരുന്ന തര്‍തീലില്‍ വിദ്യാര്‍ഥി- വിദ്യാര്‍ഥിനികള്‍, യുവതി-യുവാക്കള്‍ എന്നിവര്‍ക്ക് വേണ്ടി 5 വിഭാഗങ്ങളിലായി 15 ഇനങ്ങളാണ് മത്സരത്തിനുള്ളത്. ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ സെമിനാര്‍, പ്രസംഗം, മാഗസിന്‍ നിര്‍മാണം, എക്സിബിഷന്‍, ക്വിസ് എന്നിവയാണ് പ്രധാന മത്സരങ്ങള്‍. നിശ്ചിത ഇനങ്ങള്‍ക്ക് പുറമെ നേരത്തേ റജിസ്റ്റര്‍ ചെയ്യുന്ന പൊതുജനങ്ങള്‍ക്ക് തല്‍ക്ഷണ മത്സരവും തര്‍തീലിന്‍റെ ഭാഗമായി നടക്കും.

തര്‍തീല്‍ പ്രചാരണത്തിന്റെ ഭാഗമായി ആറ് ഗള്‍ഫ് രാജ്യങ്ങളിലും വിദഗ്ധരെ പങ്കെടുപ്പിച്ച് വ്യത്യസ്ത വിഷയങ്ങളില്‍ സെമിനാര്‍, ക്വിസ്, കാലിഗ്രഫി, പ്രബന്ധ രചന എന്നിവ സംഘടിപ്പിച്ചിരുന്നു. മേയ് 14 നു നടക്കുന്ന സമാപന സംഗമത്തില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യാതിഥി യായിരിക്കും. മറ്റു പ്രമുഖരും പരിപാടിയില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ