വനിതാവേദി കുവൈറ്റ്‌ ഇരുപതാം വാർഷികാഘോഷം സംഘടിപ്പിച്ചു
Monday, November 30, 2020 6:15 PM IST
കുവൈറ്റ് സിറ്റി: ലോകം കോവിഡ് പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിലും കുവൈറ്റിലെ പ്രമുഖ പുരോഗമന വനിതാ സംഘടനയായ വനിതാ വേദി കുവൈറ്റ്‌ വാർഷികാഘോഷം നടത്തി.

കേരള സാക്ഷരതാമിഷൻ ഡയറക്ടറും സാമൂഹ്യപ്രവർത്തകയുമായ ഡോ. പി.എസ് ശ്രീകല ഉദ്ഘാടനം നിർവഹിച്ചു. സ്ത്രീ വിമോചനം എന്നത് സ്ത്രീകളുടേത്‌ മാത്രം അല്ലെന്നും സമൂഹത്തിന്‍റേത് മുഴുവനും ആണെന്ന് ചിന്തിക്കുമ്പോഴാണ് വനിതാവേദി പോലുള്ള സംഘടനകളുടെ പ്രവർത്തനം ആവശ്യമായി വരുന്നതെന്നും പാർശ്വ വൽക്കരിക്കപ്പെട്ട അല്ലെങ്കിൽ സമൂഹത്തിലെ അദൃശ്യരെന്നു കരുതുന്ന മനുഷ്യസമൂഹത്തോടൊപ്പമാണ് നിലകൊള്ളേണ്ടതെന്നും അത്തരത്തിലുള്ള മനുഷ്യരിലൂടെയാണ് നവകേരള നിർമിതി എന്ന് തിരിച്ചറിയുന്ന സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടും വിധമുള്ളതാണ് വനിതാവേദി കുവൈറ്റിന്‍റെ പ്രവർത്തനം എന്നും ശ്രീകല ടീച്ചർ പറഞ്ഞു.

തുടർന്ന് വെബ്സൈറ്റ് ഉദ്ഘാടനവും സംഘടനയുടെ മുഖമാസികയായ "ജ്വാല "ഇ -മാഗസിൻ പ്രകാശനവും നിർവഹിച്ചു.

വനിതാവേദി പ്രസിഡന്‍റ് രമ അജിത് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഷെറിൻ ഷാജു സ്വാഗതം ആശംസിച്ചു. ഇരുപതാം വാർഷികാഘോഷങ്ങൾക്ക് ആശംസകൾ നേർന്ന് കേരള പ്രവാസി ക്ഷേമനിധി ബോർഡ്‌ ഡയറക്ടർ എൻ. അജിത്കുമാർ, ദുബായ് മാധ്യമപ്രവർത്തക തൻസി ഷാഹിർ, ദമാം നവോദയ കേന്ദ്ര വനിതാവേദി കൺവീനർ ഷാഹിദ ഷാനവാസ്‌, ടാസ്ക് വനിതാവേദി കൺവീനർ സിൽജ ആന്‍റണി, പല്പക് വനിതാവേദി ജനറൽ കൺവീനർ ബിന്ദുവരദ, കലകുവൈറ്റ് പ്രസിഡന്‍റ് ജോതിഷ് ചെറിയാൻ എന്നിവർ സംസാരിച്ചു. വനിതാവേദി കുവൈറ്റിന്‍റെ പ്രഥമ ഇ മാഗസിൻ "ജ്വാല' യെക്കുറിച്ച് എഡിറ്റർ ശ്യാമളാ നാരായണൻ സംസാരിച്ചു.
ട്രഷറർ വത്സ സാം നന്ദി പറഞ്ഞു.

കോവിഡ് പ്രോട്ടോകോൾ അതനുസരിച്ച് വെർച്ച്വൽ മീഡിയയിൽ സംഘടിപ്പിച്ച ഉദ്ഘാടന യോഗത്തിന് ശേഷം വനിതാവേദി യൂണിറ്റുകൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

ജ്വാല e-magazene http://www.vanithavedi.com വെബ്സൈറ്റിൽ ലഭ്യമാണ്.

Download link
https://we.tl/t-rJHSg1GcSg

റിപ്പോർട്ട്: സലിം കോട്ടയിൽ