സംസ്കൃതി-സി.വി. ശ്രീരാമന്‍ പുരസ്‌കാരം ലഭിച്ച ബീനക്ക് കേളിയുടെ അഭിനന്ദനം
Thursday, November 19, 2020 5:38 PM IST
റിയാദ്: ഏഴാമത് ഖത്തർ സംസ്കൃതിയുടെ സി.വി.ശ്രീരാമൻ സ്മാരക കഥാപുരസ്കാരം നേടിയ ബീനയെ റിയാദ് കേളി കലാസാംസ്കാരിക വേദി അഭിനന്ദിച്ചു.

പ്രശസ്ത സാഹിത്യ-സാംസ്‌കാരിക പ്രവർത്തകരായ അശോകന്‍ ചരുവില്‍, ഇ.പി. രാജഗോപാലന്‍, അഷ്ടമൂര്‍ത്തി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. 50,000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്കാരം. ഖത്തർ, യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍ എന്നീ ജി സി സി രാജ്യങ്ങളില്‍ നിന്നുമായി മത്സരത്തിനെത്തിയ 62 കഥകളിൽ നിന്നാണ് ബീനയുടെ ‌"സെറാമിക് സിറ്റി' എന്ന ചെറുകഥ പുരസ്കാരത്തിന് അർഹമായത്.

കാഞ്ഞങ്ങാട് സ്വദേശിനിയായ ബീന 19 വര്‍ഷമായി റിയാദ് ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ സീനിയർ സെക്കൻഡറി അധ്യാപികയാണ്. ഉള്ളടക്കത്തിന്‍റെ പ്രത്യേകതകൊണ്ട് ഏറെ ചർച്ചചെയ്യപ്പെട്ട ‘ഒസ്സാത്തി’, ‘തീരെ ചെറിയ ചിലര്‍ ജീവിച്ചതിന്‍റെ മുദ്രകള്‍’, എന്നീ നോവലുകളും നിരവധി ചെറുകഥകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തെ മുൻനിർത്തിയുള്ള ഒട്ടനവധി രചനകൾ ആ തൂലികയിൽ നിന്നും ഇനിയും ഉണ്ടാവട്ടെയെന്ന് കേളിയുടെ സാംസ്‌കാരിക വിഭാഗത്തിന്‍റെ അഭിനന്ദന സന്ദേശത്തിൽ ആശംസിച്ചു.