ദുബായ് ഫിറ്റ്‌നസ് ചലഞ്ച് ഒക്ടോബർ 30-ന്, രജിസ്‌ട്രേഷൻ ആരംഭിച്ചു
Monday, October 26, 2020 4:10 PM IST
ദുബായ് : നാലാമത് ദുബായ് ഫിറ്റ്‌നസ് ചലഞ്ചിൽ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.ഒക്ടോബർ 30-ന് ആണ് ചലഞ്ചിന് തുടക്കമാവുക. ലോകത്തെ ഏറ്റവും ആരോഗ്യമുള്ള നഗരമാക്കുകയെന്ന ലക്ഷ്യത്തോടെ ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ആണ് പരിപാടി നടക്കുന്നത്. മികച്ച ജീവിതരീതി പിന്തുടരാൻ സഹായകരമാകുന്ന ഫിറ്റ്‌നസ് ചലഞ്ച് നവംബർ 28 വരെയാണ് നടക്കുന്നത്. 30 ദിവസം 30 മിനിറ്റ് വ്യായാമം എന്നതാണ് പരിപാടിയുടെ ചലഞ്ച്.

എല്ലാവിധ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും സാമൂഹിക അകലത്തോടെ ഇത്തവണ വെർച്വൽ ഫിസിക്കൽ പ്രവർത്തനങ്ങളായിരിക്കും ഉണ്ടാവുക. എല്ലാ പ്രായക്കാർക്കും മികച്ച ആരോഗ്യം എന്ന ലക്ഷ്യത്തോടെ വൈവിധ്യമാർന്ന വെർച്വൽ ഫിറ്റ്‌നസ്, സ്പോർട്‌സ് വ്യായാമ പരിപാടികളാണ് ഡി.എഫ്.സി. രൂപകൽപ്പന ചെയ്തിരിക്കുന്നത്. കോവിഡ് പ്രത്യേക സാഹചര്യത്തിൽ വീട്ടിലിരുന്ന് ചെയ്യാവുന്ന പ്രത്യേക വ്യായാമമുറകളും ഇത്തവണ ചലഞ്ചിലുണ്ട്. വ്യക്തിഗത ഫിറ്റ്‌നസ് പ്രോഗ്രാമുകൾ www.dubaifitnesschallenge.com എന്ന വെബ്‌സൈറ്റിലൂടെ ലഭ്യമാകും.

റിപ്പോർട്ട് : അനിൽ സി ഇടിക്കുള