ജലീബിലെ അനധികൃത കടകൾക്ക് പൂട്ടുവീണു
Tuesday, October 20, 2020 9:47 PM IST
കുവൈറ്റ് സിറ്റി : ജലീബില്‍ അനധികൃതമായി നടത്തിയിരുന്ന കടകള്‍ മുനിസിപ്പാലിറ്റി അധികൃതരും പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവറും സംയുക്തമായി നടത്തിയ പരിശോധനയില്‍ പൂട്ടിച്ചു.

ലൈസൻസില്ലാതെ പ്രവര്‍ത്തിച്ചിരുന്ന പലചരക്ക് സാധനങ്ങളും ഭക്ഷ്യവസ്തുക്കളും വിൽക്കുന്ന സ്ഥാപനങ്ങളാണ് പിടികൂടിയത്. അനധികൃത കടകളില്‍ ജോലിചെയ്ത തൊഴിലാളികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായ തൊഴിലാളികളെ തുടര്‍ നടപടികള്‍ക്കായി ആഭ്യന്തര വകുപ്പിന് കൈമാറിയതായും ഇവരുടെ തൊഴിലുടമകളുടെ ഫയലുകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കുവൈറ്റിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് അബാസിയ, ഹസാവി എന്നിവയുൾപ്പെടുന്ന ജലീബ് അൽ ശുയൂഖ്. നേരത്തെ പ്രദേശത്തെ അനധികൃത താമസക്കാരെയും സ്ഥാപനങ്ങളെയും പിടികൂടുവാന്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ചിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ