സൗദിയിലേക്ക് യാത്രാവിലക്ക്: സന്ദേശം വ്യാജമെന്ന് അധികൃതർ
Thursday, September 24, 2020 8:16 PM IST
റിയാദ് : ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങളിലേക്കും തിരിച്ചും സൗദി അറേബ്യ യാത്രാവിലക്ക് ഏർപ്പെടുത്തി എന്ന നിലയിൽ വ്യാപകമായി പ്രചരിക്കുന്ന സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ സന്ദേശം വ്യാജമെന്ന നിഗമനം.

കോവിഡ് നിയന്ത്രണാതീതമായ ഇന്ത്യ, അർജന്‍റീന, ബ്രസീൽ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് വിലക്കേർപ്പെടുത്തി എന്നായിരുന്നു സന്ദേശം. ഇങ്ങനെ വിലക്കേർപ്പെടുത്തിയതോടെ സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വന്ദേ ഭാരത് വിമാനങ്ങളടക്കം സർവീസ് നടത്തില്ല എന്ന രീതിയിലാണ് മുഖ്യധാരാ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നത്.

എന്നാൽ വന്ദേ ഭാരത് മിഷന്‍റെ ഭാഗമായും ഇന്നലെയും സൗദിയിൽ നിന്നും വിമാന സർവീസുകൾ മുടക്കമില്ലാതെ നടന്നു. ഈ വാർത്ത ഗാക (ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ) ഔദ്യോഗികമായി പുറപ്പെടുവിച്ചതല്ല എന്നാണ് വിശദീകരണം. ‌‌‌

യാത്രക്കാരെയും ട്രാവൽ ഏജൻസികളെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കിയ സന്ദേശം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ മൂന്ന് രാജ്യത്തെ പൗരന്മാരോടൊപ്പം കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇവിടം സന്ദർശിച്ചിട്ടുള്ളവർക്കും സൗദിയിലേക്ക് വരാനാകില്ല എന്നുമായിരുന്നു പ്രചരിച്ച സന്ദേശത്തിലുണ്ടായിരുന്നത്. ‌

ബുധനാഴ്ച വന്ദേ ഭാരത് വിമാന സർവീസുകളോടൊപ്പം ചാർട്ടർ വിമാനങ്ങളും ഇന്ത്യയിലേക്ക് മുടക്കമില്ലാതെ സർവീസ് നടത്തി. തിരിച്ചെത്തുന്ന യാത്രക്കാർക്കും തടസമൊന്നുമുണ്ടായില്ല. റിയാദിൽ നിന്നും ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങളും ദമാമിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസും ജിദ്ദയിൽ നിന്നും ഗോ എയറും ബുധനാഴ്ച സർവീസ് നടത്തി. വിമാനങ്ങൾക്കൊന്നും മുടക്കമുണ്ടാകില്ലെന്നാണ് വിമാനത്താവള അതോറിറ്റിയും അറിയിച്ചത്. ‌‌

ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് പോകുന്ന യാത്രക്കാർ ദുബായിലേക്ക് പോയ ശേഷം 14 ദിവസം അവിടെ ക്വാറന്‍റൈനിൽ കഴിഞ്ഞ ശേഷം പിസിആർ ടെസ്റ്റ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റുമായി സൗദിയിലേക്ക് യാത്ര ചെയ്യുന്നതും പതിവായിരിക്കുകയാണ്. കാലാവധിയുള്ള ഇഖാമ ഉള്ളവരും സന്ദർശക വീസയിലുള്ളവരും ഇങ്ങനെ സൗദിയിലേക്ക് യാത്ര ചെയ്യുന്നുണ്ട്.

അതിനിടെ സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ബുധനാഴ്ച നേരിയ വർധനവ് രേഖപ്പെടുത്തി. 561 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,31,351 ആയി. 27 പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ മരണ നിരക്ക് 4,569 ആയി. 1,102 പേർ രോഗമുക്തി നേടി. 13,004 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ 1,093 പേരുടെ നില ഗുരുതരമായി തുടരുന്നതായും ആരോഗ്യ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ