നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് വിമാന ടിക്കറ്റ് നല്‍കുമെന്ന് ഇന്ത്യന്‍ അംബാസഡർ
Tuesday, September 22, 2020 6:01 PM IST
കുവൈറ്റ് സിറ്റി: നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ വിമാന ടിക്കറ്റില്ലാത്തതിന്‍റെ പേരില്‍ ഒരു ദിവസം പോലും ഇന്ത്യക്കാരന്‍ കഴിയില്ലെന്നും വിമാന ടിക്കറ്റുകള്‍ എംബസി നല്‍കുമെന്നും ഇന്ത്യൻ അംബാസഡർ സിബി ജോർജ്. ദീപികയുടെ കുവൈറ്റ് പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ സംസാരിക്കുകയായിരുന്നു അംബാസഡർ.

ഇത്തരം വിഷയങ്ങൾ പരിശോധിക്കാന്‍ ഡിസിഎമ്മിന്‍റെ നേതൃത്വത്തില്‍ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചതായും അവര്‍ ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് എന്ത് പ്രശ്നവും എംബസിയെ അറിയിക്കാമെന്നും ജയിലില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ നിയമ സഹായങ്ങള്‍ നല്‍കുമെന്നും അംബാസഡർ കൂട്ടിചേർത്തു.

ഗാര്‍ഹിക തൊഴിലാളികളുടെ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പു വരുത്താനും പരാതികള്‍ക്ക് പരിഹാരം കാണുവാനും എംബസി എല്ലാ സഹായങ്ങളും ചെയ്തു വരുന്നുണ്ട്. അതേസമയം ഗാര്‍ഹിക തൊഴിലാളി മേഖലയിലെ യഥാര്‍ഥ പ്രശ്നം അനധികൃത തൊഴില്‍ കുടിയേറ്റമാണ്.

കുവൈറ്റിലെ ഭരണാധികാരികള്‍ നിയമലംഘനം നടത്തുന്ന ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്‍റ് ഓഫീസുകള്‍ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ഗാര്‍ഹിക തൊഴിലാളികള്‍ തൊഴില്‍ നിയമം മറികടന്ന് അനധികൃതമായി തൊഴില്‍ ചെയ്യുന്നതും ഗുരുതമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കോവിഡിന്‍റെ പാശ്ചാത്തലത്തില്‍ എംബസി അഭയ കേന്ദ്രങ്ങള്‍ അടഞ്ഞ് കിടക്കുകയാണെങ്കിലും ഒളിച്ചോടിയതായി പരാതിയുള്ള തൊഴിലാളികളെ താമസിപ്പിക്കുവാനുള്ള സകര്യങ്ങള്‍ ഒരുക്കിയതായും അംബാസഡർ പറഞ്ഞു.

എംബസി പ്രഖ്യാപിച്ച റജിസ്ട്രേഷന്‍ ഡ്രൈവില്‍ പൊതുമാപ്പ് ഉപയോഗിക്കുവാന്‍ സാധിക്കാത്തവരും വിവരങ്ങള്‍ നല്‍കണമെന്ന് അംബാസഡർ പറഞ്ഞു. മേയിൽ ആംനസ്റ്റിയുടെ പാശ്ചാത്തലത്തില്‍ എംബസി നല്‍കിയ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഭൂരിപക്ഷം പേര്‍ക്കും ഇന്ത്യയിലേക്ക് മടങ്ങിപ്പോകുവാന്‍ സാധിച്ചിട്ടില്ല.അത്തരക്കാരുടെ ഔട്ട് പാസ് കാലാവധി ഈ മാസം തീരുമെന്നതിനാല്‍ രജിസ്ട്രേഷന്‍ ഡ്രൈവില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് ഉടന്‍ പുതുക്കേണ്ടതാണെന്ന് അംബാസഡർ അറിയിച്ചു. ഇതിനായി എംബസിയിലും മൂന്ന് പാസ്പോര്‍ട്ട് ഔട്ട്സോഴ്സ് കേന്ദ്രങ്ങളിലും പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവരുടെ വിഷയങ്ങള്‍ കുവൈറ്റ് അധികൃതരുമായി ബന്ധപ്പെട്ട് നിയമപരമായി തിരികെ പുതിയ വീസയില്‍ എത്തുന്ന രീതിയില്‍ നാട്ടിലേക്ക് ഉടന്‍ പോകുവാനുള്ള അവസരം ഒരുക്കുമെന്നും കുവൈറ്റ് ഭരണകൂടത്തിന്‍റെ പിന്തുണയോടെ ഏറ്റവും നല്ല രീതിയിൽ അത് നിർവഹിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അംബാസഡർ പ്രത്യാശ പ്രകടിപ്പിച്ചു.

കുവൈറ്റുമായുള്ള ഇന്ത്യയുടെ ബന്ധം സുദൃഢവും ചരിത്രപരവുമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം പൂര്‍വാധികം മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ത്യ കുവൈറ്റിന്‍റെ അടുത്ത സുഹൃത്താനെന്നും വാണിജ്യ വ്യവസായ സാമ്പത്തിക നയതന്ത്ര രംഗത്തെ കൂട്ടുകെട്ട് അതി ശക്തമായി തുടരുന്നതായും അദ്ദേഹം പറഞ്ഞു. കോവി‍ഡ് ഉയർത്തിയ വെല്ലുവിളി ആഗോള അടിസ്ഥാനത്തില്‍ തന്നെ വലിയ പ്രതിസന്ധിയാണ് സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയിരിക്കുന്നത്. ഈ പ്രത്യേക സാഹചര്യത്തില്‍ സാമ്പത്തികം, വാണിജ്യം,ടെക്നോളജി വിഷയങ്ങളില്‍ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നും അംബാസഡർ പറഞ്ഞു.

ഇന്ത്യൻ ഭരണകൂടത്തിന്‍റെയും ഇന്ത്യൻ പൗരന്മാരുടെയും പ്രതിനിധിയായി കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിനായി സേവനം ചെയ്യാനാണ് താൻ നിയോഗിക്കപ്പെട്ടതെന്നും ഗള്‍ഫ് മേഖലയിലെ മുന്‍ കാല അനുഭവം തന്‍റെ ദൗത്യത്തില്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിബി ജോർജ് പറഞ്ഞു.

ഇന്ത്യയെ സംബന്ധിച്ചടത്തോളം ഗള്‍ഫ് മേഖലയിലെ തന്നെ പ്രധാനപ്പെട്ട രാജ്യമാണ്‌ കുവൈറ്റ്. രാജ്യത്ത് സ്ഥാനമേറ്റ ശേഷം ചേംബര്‍ ഓഫ് കുവൈത്ത് മേധാവിയുമായും കുവൈറ്റ് ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി മേധാവിയുമായും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. രാഷ്ട്രീയപരമായി ഇരു രാജ്യങ്ങളും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. രാജ്യങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധത്തിന്‍റെ തുടര്‍ച്ചയായി കുവൈറ്റ് അമീര്‍ ഷെയ്ഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്‍റെ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത് അവസാന നിമിഷം അമീറിന്‍റെ അനാരോഗ്യം കാരണം മാറ്റി വയ്ക്കുകയായിരുന്നു. കുവൈറ്റിലെ ഏറ്റവും വലിയ വിദേശി സമൂഹമാണ് നമ്മൾ. നല്ല രീതിയിലുള്ള സഹകരണമാണ് കുവൈറ്റ് അധികൃതരിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അംബാസഡർ പറഞ്ഞു.

രാജ്യത്തിന്‍റെ പുരോഗതിയില്‍ ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവനകളെ ഏറെ മതിപ്പോടെയാണ് കുവൈറ്റിലെ ഭരണാധികാരികള്‍ കാണുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കുവൈറ്റ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഇന്ത്യ, ഇറ്റലി,ബ്രസീല്‍,ചൈന തുടങ്ങിയ 34 രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചത്. നാട്ടിൽനിന്ന് കുവൈത്തിലേക്ക് വരാൻ കഴിയാത്തവരുടെയും തൊഴിൽ നഷ്ടപ്പെട്ടവരുടെയും പ്രശ്നങ്ങള്‍ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവിടെയുള്ള അധികാരികളോട് ഇന്ത്യയിലെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കോവിഡ് മുക്തി നിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.രോഗികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലോകത്തില്‍ കോവിഡ് അതിഗുരുതരമായി ബാധിക്കപ്പെട്ട രാജ്യങ്ങളിലെ മരണനിരക്കിനേക്കാള്‍ വളരെ കുറവാണ് ഇന്ത്യയിലേതെന്നും അംബാസഡർ പറഞ്ഞു.

ഇന്ത്യന്‍ എൻജിനിയര്‍മാര്‍ക്കു വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ഡ്രൈവ് തുടരുകയാണ്. കുവൈറ്റിലെ എല്ലാ ഇന്ത്യന്‍ എൻജിനിയർമാരും വിവരങ്ങള്‍ നല്‍കണം. എൻജിനിയറിംഗ് കോളജുമായി ബന്ധപ്പെട്ട അക്രഡിറ്റേഷന്‍ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഇതുസംബന്ധിച്ച് കുവൈറ്റ് എൻജിനിയേഴ്സ് ഫോറവുമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും അദ്ദേഹം അറിയിച്ചു. പാസ്പോർട്ട് സേവന കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കുവാന്‍ ഇപ്പോള്‍ ആലോചനയില്ലെന്നും അടുത്ത ടെണ്ടറില്‍ ആവശ്യമാണെങ്കില്‍ പരിഗണിക്കാമെന്നും അംബാസഡർ സിബി ജോർജ് പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ