കോവിഡ് പ്രതിരോധത്തിൽ സൗദി പിടിമുറുക്കുന്നു; രോഗബാധിതർ 483, രോഗമുക്തി 1009
Monday, September 21, 2020 6:55 PM IST
റിയാദ്: സൗദിയിൽ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന കണക്ക് കുറഞ്ഞുവരുന്നതിനിടെ കഴിഞ്ഞ അഞ്ചു മാസത്തിനുശേഷം ആദ്യമായി ഞായറാഴ്ച കണ്ടെത്തിയത് അഞ്ഞൂറിൽ താഴെ വൈറസ്ബാധ മാത്രം. പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 483 പേർക്ക്. 27 പേർ കൂടി മരണത്തിന് കീഴടങ്ങിയപ്പോൾ 1009 പേർക്ക് രോഗമുക്തി നേടി.

ഇതുവരെ 4485 പേരാണ് മരണപ്പെട്ടത്. 329754 പേർക്ക് രോഗം പിടിപെട്ടതിൽ 310439 പേർ രോഗമുക്തി നേടി. ഇനി 14830 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. അതിൽ 1138 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഒന്നര ശതമാനത്തിനു താഴെ മാത്രം മരണനിരക്കുള്ളപ്പോൾ രാജ്യത്തെ രോഗമുക്തി നിരക്ക് 94.1 ശതമാനമാണ്. ഞായറാഴ്ച ഏറ്റവുമധികം കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് ജിദ്ദയിലാണ്. 64 പേർക്ക് ജിദ്ദയിലും മക്ക 42, ഹൊഫൂഫ് 41, റിയാദ് 30, മദീന 23, ദഹ്റാൻ 22, ദമാം 19 എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

40033 പേരുടെ കൂടി സാമ്പിളുകൾ ഞായറാഴ്ച കോവിഡ് പരിശോധന നടത്തിയതോടെ സൗദിയിൽ ഇതുവരെ 6049949 പേരുടെ രക്തസാമ്പിളുകൾ കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇറാനിൽ നിന്നും കഴിഞ്ഞ മാർച്ച് രണ്ടിന് രാജ്യത്ത് തിരിച്ചെത്തിയ സ്വദേശിയിലാണ് സൗദിയിൽ കോവിഡ് രോഗബാധ ആദ്യമായി കണ്ടെത്തിയത്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ