കോവിഡ് പ്രതിരോധത്തിൽ സൗദിയും വിജയത്തോടടുക്കുന്നു
Saturday, September 19, 2020 5:04 PM IST
റിയാദ്: മറ്റ് ഗൾഫ് നാടുകളോടൊപ്പം സൗദി അറേബ്യയും കോവിഡ് പ്രതിരോധത്തിൽ വിജയത്തോടടുക്കുന്നു. കോവിഡ് രോഗികളുടെ എണ്ണത്തിൽ തുടർച്ചയായി കുറവ് രേഖപ്പെടുത്തുന്ന സൗദിയിൽ വെള്ളിയാഴ്ച 576 പുതിയ കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. ഇത് കഴിഞ്ഞ കുറെ ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്ന് ആരോഗ്യ വകുപ്പ് വാർത്താകുറിപ്പിൽ അറിയിച്ചു.

രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 328720 ആണ്. ഇവരിൽ 308352 പേർ രോഗമുക്തി നേടി. വെള്ളിയാഴ്ച മാത്രം 1145 പേർക്കാണ് രോഗം ഭേദമായത്. ഇതോടെ രോഗമുക്തി നിരക്ക് സൗദിയിൽ 93 ശതമാനമായി. 31 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചത്. മരണപ്പെട്ടവരുടെ എണ്ണം ഇതോടെ 4430 ആയതായും ആരോഗ്യ വകുപ്പ് വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.

മക്കയിലാണ് പുതുതായി ഏറ്റവും അധികം പേർക്ക് രോഗം റിപ്പോർട്ട് ചെയ്തത്. 58 പേർക്ക്. ജിദ്ദ (52), ഹൊഫുഫ് (47), ദമാം (37), റിയാദ് (35), മദീന (33) എന്നിങ്ങനെയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയ രോഗനിരക്ക്. സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം നിലവിൽ 15938 മാത്രമാണ്. ഇവരിൽ 1189 പേരുടെ നില ഗുരുതരമായി തുടരുന്നു.

സൗദി അറേബ്യയിലെ തടവറകളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കപ്പെടുന്നില്ലെന്നും സാമൂഹ്യ അകലം പാലിക്കുന്നതിൽ ജയിൽ അധികൃതർ പരാജയപ്പെടുന്നതായും വന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും സൗദി മനുഷ്യാവകാശ കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു. ആരോപണമുണ്ടായ ജിദ്ദയിലെയും മക്കയിലെയും ജിസാനിലേയും ജയിലുകൾ സന്ദർശിച്ച കമ്മീഷൻ പ്രതിനിധികൾ അവിടുത്തെ കോവിഡ് പ്രതിരോധത്തിൽ സംതൃപ്തി രേഖപ്പെടുത്തി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ