കേളി കലാസാംസ്കാരിക വേദി അനുശോചിച്ചു
Saturday, August 8, 2020 5:02 PM IST
റിയാദ് : കരിപ്പൂരിൽ വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി ഉണ്ടായ അപകടത്തിൽ 19 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ റിയാദ് കേളി കലാസാംസ്കാരിക വേദി നടുക്കവും അനുശോചനവും രേഖപ്പെടുത്തി.

വന്ദേഭാരത് മിഷന്‍റെ ഭാഗമായി പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള ദുബായ് - കോഴിക്കോട് എയർ ഇന്ത്യ വിമാനമാണ് വെള്ളിയാഴ്ച രാത്രി അപകടത്തിൽ പെട്ടത്. അപകടത്തിൽപ്പെട്ടവരെയും അവരുടെ ബന്ധുക്കളേയും സഹായിക്കാനായി ഉടൻതന്നെ കൺട്രോൾ റൂമും പരിക്കേറ്റവർക്ക് എയർപോർട്ടിനടുത്തുള്ള ആശുപത്രികളിൽ എല്ലാവിധ ചികിത്സാ സൗകര്യങ്ങളും കേരള സർക്കാറിന്‍റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്.

അപകടത്തിൽ പരിക്കേറ്റവർക്കും ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്കും അടിയന്തരാശ്വാസമായി സഹായധനം നൽകാൻ കേന്ദ്ര വ്യോമയാന വകുപ്പിനോട് കേളി സെക്രട്ടറിയറ്റ് ഇറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.