മുഹമ്മദലി ശിഹാബ് തങ്ങളെ അനുസ്മരിച്ചു
Monday, August 3, 2020 9:50 PM IST
റിയാദ്: മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കേരളത്തിന്‍റെ മണ്ണിൽ ശാന്തിയും സമാധാനവും സർവ്വോപരി പരസ്പര സൗഹാർദവും നിലനിർത്തുന്നതിൽ അനല്പമായ പങ്ക് വഹിച്ച നേതാവായിരുന്നു സയിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

അക്രമവും കലാപവുമല്ല, സ്നേഹവും കാരുണ്യവുമാണ് തങ്ങൾ മുന്നോട്ട് വച്ചത്. കക്ഷി, രാഷ്ട്രീയത്തിനതീതമായി സമൂഹത്തിന്‍റെ പൊതു നന്മക്കുവേണ്ടി യത്നിച്ച തങ്ങൾ മതേതര, ജനാതിപത്യ മൂല്യങ്ങളെ ഹൃദയത്തോട് ചേർത്തു പിടിക്കുകയും അതിനു വിഘാതമാവുന്ന പ്രവർത്തനങ്ങളെ തടയുകയും ചെയ്തു. നന്മയുടെ ഈ പ്രതിപുരുഷനെ ജനം എത്ര മേൽ സ്നേഹിക്കുന്നുണ്ട് എന്നുള്ളതിന്‍റെ ഉദാഹരണമാണ് കേരളത്തിലുടനീളം അദ്ദേഹത്തിന്‍റെ പേരിൽ ഉയർന്നു വരുന്ന സ്ഥാപനങ്ങൾ. തങ്ങൾ മരിക്കുന്നതിന്‍റെ ഒരു വർഷം മുമ്പ് ഓഗസ്റ്റ് ഒന്നിനായിരുന്നു സയിദ് ഉമർ ബാഫഖി തങ്ങളും വിടപറഞ്ഞത്. ഇരു നേതാക്കളുടെയും വിയോഗം സമുദായത്തിന് അപരിഹാര്യമായ നഷ്ടമാണ് വരുത്തിയത്. മുൻ മന്ത്രിയും മുസ് ലീം ലീഗ് നേതാവുമായിരുന്ന ചെർക്കളം അബ്ദുള്ള, ചന്ദ്രിക പത്രാധിപരും ചരിത്രകാരനുമായ എം.ഐ.തങ്ങൾ എന്നിവരെയും യോഗം അനുസ്മരിച്ചു.

ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം സൗദി കെഎംസിസി വർക്കിംഗ് പ്രസിഡന്‍റ് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. റഹ്മത്ത് അഷ്റഫ് ശിഹാബ് തങ്ങളെയും ജാഫർ സാദിഖ് പുത്തൂർ മഠം സയിദ് ഉമർ ബാഫഖി തങ്ങളെയും അബൂ അനസ് ചെർക്കളം അബ്ദുള്ളയെയും ഷഫീഖ് കൂടാളി എം.ഐ.തങ്ങളെയും അനുസ്മരിച്ചു. കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം എസ്.വി.അർഷുൽ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജലീൽ തിരൂർ, സത്താർ താമരത്ത് എന്നിവർ സംസാരിച്ചു.

റിയാദ് കെഎംസിസിയുടെ മുൻ ട്രഷററും പ്രവാസി വ്യവസായിയുമായ തേങ്ങാട്ട് ഉമ്മറിന്‍റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. സിദ്ദീഖ് കോങ്ങാട് അനുശോചന സന്ദേശം നൽകി. പ്ലസ്ടു ഹ്യുമാനിറ്റീസ് വിഭാഗത്തിൽ മികച്ച വിജയം നേടിയ ഹുദ അബ്ദുൽ നാസറിനെ ആദരിച്ചു. ഷംസു പെരുമ്പട്ട, അബ്ദുൽ മജീദ് പയ്യന്നൂർ, സഫീർ തിരൂർ, ഷാഹിദ് മാസ്റ്റർ, കെ.ടി.അബൂബക്കർ, നാസർ മാങ്കാവ്, കബീർ വൈലത്തൂർ, പി.സി അലി വയനാട് എന്നിവർ നേതൃത്വം നൽകി. ആക്ടിംഗ് സെക്രട്ടറി സുബൈർ അരിമ്പ്ര സ്വാഗതം അക്ബർ വേങ്ങാട്ട് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ