സി.കെ ഹംസക്കോയക്ക് യാത്രയയപ്പ് നൽകി
Monday, August 3, 2020 7:27 PM IST
റിയാദ്: പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി സ്പോർട്സ് വിംഗ് ചെയർമാൻ സി.കെ.ഹംസകോയക്ക് കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി.

കഴിഞ്ഞ 23 വർഷമായി ജിദ്ദയിലും റിയാദിലുമായി പ്രവാസ ജീവിതം നയിച്ച ഹംസക്കോയ കൂടുതൽ കാലവും റിയാദിലെ ഒരു മെഡിക്കൽ കമ്പനിയിൽ അക്കൗണ്ട്സ് മാനേജറായിട്ടാണ് ജോലി നോക്കിയിരുന്നത്. സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം കെഎംസിസിയുടെ വിവിധ പ്രവർത്തനങ്ങളിലും മുൻപന്തിയിലുണ്ടായിരുന്നു. റിയാദിൽ കെഎംസിസി നടത്തിയ ഫുട്ബോൾ ടൂർണമെന്‍റുകളും സ്കൂൾ ഫെസ്റ്റ് അടക്കമുള്ള വിവിധ പരിപാടികളിലും ഹംസക്കോയ നേതൃപരമായ പങ്ക് വഹിച്ചു. ഹജ്ജ് വോളന്‍റിയർ സേവന രംഗത്തും അദ്ദേഹം സജീവമായിരുന്നു. റിയാദ് കെഎംസിസിയുടെ സ്പോർട്സ് വിംഗ് ചെയർമാൻ, കോഴിക്കോട് ജില്ലാ കെഎംസിസി സെക്രട്ടറി, ബേപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി തുടങ്ങി വിവിധ കമ്മിറ്റികളുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യയും മൂന്ന് മക്കളുമുണ്ട്.

കെഎംസിസി ഓഫീസിൽ ചേർന്ന ചടങ്ങിൽ പ്രസിഡന്‍റ് സി.പി.മുസ്തഫ സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം ഹംസക്കോയക്ക് സമ്മാനിച്ചു. സെക്രട്ടറി കബീർ വൈലത്തൂർ, ജാബിർ വാഴമ്പുറം, അൻഷാദ് കൈപ്പമംഗലം, ഹുസൈൻ കുപ്പം, ഷാഫി വടക്കെക്കാട് തുടങ്ങിയവർ സംബന്ധിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ