അബ്ദുല്ല കടവത്തും ഭാര്യയും കോഴിക്കോട്ടേക്ക് യാത്രയായി
Saturday, May 30, 2020 2:35 PM IST
കുവൈത്ത്‌ സിറ്റി : പാരാതികള്‍ക്കും പരിഭവങ്ങള്‍ക്കും അറുതിയായി അബ്ദുല്ല കടവത്തും ഭാര്യയും കോഴിക്കോടേക്ക് യാത്രയായി.വന്ദേഭാരത് ദൗത്യത്തിൻറെ മൂന്നാം ഘട്ടത്തിൽ കുവൈത്തിൽ നിന്ന് കോഴിക്കോടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് IX 1396 വിമാനത്തിലാണ് ഇവർ നാട്ടിലേക്ക് യാത്രയായത്.

കഴിഞ്ഞ നാലു തവണയും ഇവര്‍ക്ക് നാട്ടിൽ പോകാൻ കഴിയാതിരുന്നതിനെ തുടര്‍ന്ന് പ്രവാസ ലോകത്ത് വ്യാപക പ്രതിഷേധം ഉയരുകയും നാട്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസും വിദേശ കാര്യം മന്ത്രാലയവും വിഷയത്തില്‍ ഇടപെട്ടതിനെതുടർന്നായിരുന്നു നടപടി.

പ്രവാസി ഇന്ത്യക്കാര്‍ക്കായി നടത്തിയ എംബസി രജിസ്ട്രേഷനില്‍ കാസർഗോഡ്‌ സ്വദേശി അബ്ദുള്ളക്കും ഭാര്യ ആത്തിക്കക്കും നാല്‍പ്പതിനായിരത്തിന് മുകളിലായിരുന്നു നമ്പര്‍ ലഭിച്ചിരുന്നത്. 7 മാസം ഗർഭിണിയായതിനെ തുടര്‍ന്ന് എംബസിയില്‍ നിന്നും ഫോണ്‍ വിളി ലഭിച്ചില്ലെങ്കിലും അബ്ദുള്ളയും കുടുംബവും ആദ്യ വിമാനത്തില്‍ യാത്ര ചെയ്യുവാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. തുടര്‍ന്നും മൂന്നു തവണ വിമാനത്താവളത്തില്‍ എത്തിയെങ്കിലും നാട്ടിലേക്ക് പോകുവാന്‍ സാധിച്ചിരുന്നില്ല.മുൻഗണന പട്ടികയിൽ ഇടം നേടുന്നതിനു അർഹതയുള്ളവരായിട്ടും തെറ്റിദ്ധാരണയെ തുടര്‍ന്ന് യുവാവിന്റെ എംബസി എജിസ്ട്രേഷൻ റദ്ദു ചെയ്തതോടെ വിഷയത്തില്‍ ഐഎംസിസി ഗള്‍ഫ് മേഖല ചെയര്‍മാന്‍ സത്താര്‍ കുന്നില്‍ ഇടപെടുകയും സംസ്ഥാന മുഖ്യമന്ത്രിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്‍റെയും എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു.ഇവരുടെ തിരിച്ചു പോക്കിന് ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഐ എൻ എൽ സംസ്ഥാന സെക്രെട്ടറി കാസിം ഇരിക്കൂറും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കത്തയിച്ചിരുന്നു.

വീസയുടെ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, വയോധികര്‍ , വിദ്യാര്‍ത്ഥികള്‍, ജോലി നഷ്ടപ്പെട്ടവര്‍, മറ്റു രോഗങ്ങള്‍ക്ക് ചികിത്സ ആവശ്യമുള്ളവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കായിരുന്നു മുന്‍ഗണന ലിസ്റ്റില്‍ അവസരം നല്‍കുകയെന്നായിരുന്നു നേരത്തെ എംബസി വ്യക്തമാക്കിയിരുന്നത്. ഐ എൻ എൽ അഖിലേന്ത്യാ പ്രസിഡന്‍റ് സുലൈമാൻ സാഹിബ് ഈ വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് രാഷ്ട്രപതി ഓഫീസിന് നിവേദനം നല്കിയിരുന്നു. സാമൂഹ്യ പ്രവര്‍ത്തകരായ നസീര്‍ പാലക്കാട്, ഷബീര്‍ കൊയിലാണ്ടി, ബഷീർ തൃക്കരിപ്പൂർ, ഷെറിൻ എന്നീവരുടെ ശ്രമഫലമായി കാസര്‍ഗോഡ് എംപി രാജ് മോഹന്‍ ഉണ്ണിത്താനും രമ്യാ ഹരിദാസ് എംപിയും കെപിസിസി വൈസ് പ്രസിഡന്റ് ടി.സിദ്ദീഖും ഷാഫി പറമ്പിൽ എംഎൽഎയും വിഷയത്തില്‍ ഇടപെടുകയും എംബസിക്ക് കത്തയക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം യാത്രക്ക്‌ തയാറാകാൻ എംബസിയിൽ നിന്ന് ഇവർക്ക്‌ അറിയിപ്പ്‌ ലഭിച്ചതോടെയാണു ഇവരുടെ തിരിച്ച്‌ പോക്കിനു വഴിയൊരുങ്ങിയത്‌. തങ്ങൾക്ക്‌ നാട്ടിലേക്ക് എത്തുന്നതിനായി ഒപ്പം ചേർന്നു നിന്ന കുവൈത്തിലെ മുഴുവൻ മലയാളി സമൂഹത്തിനോടും ദമ്പതികൾ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ