മസ്കറ്റിൽ നിന്നുള്ള വന്ദേഭാരത്‌ രണ്ടാം ഘട്ടം അവസാനിച്ചു
Saturday, May 23, 2020 9:13 PM IST
മസ്കറ്റ്: വന്ദേഭാരത് രണ്ടാം ഘട്ടം അവസാനിച്ചപ്പോൾ മസ്കറ്റിൽ നിന്നും കൊച്ചിയിലേക്ക് ഐഎക്സ് 0442 വിമാനം180 യാത്രക്കാരെയും ഐഎക്സ് 0554 തിരുവനന്തപുരം വിമാനം
183 യാത്രക്കാരെയും എ.ഐ. 0974 വിമാനം ഗയയിലേക്ക് 154 പേരെയും എത്തിച്ചു.

വന്ദേഭാരത് ദൗത്യത്തിന്‍റെ മൂന്നാം ഘട്ടത്തിൽ സ്വകാര്യ വിമാന കമ്പനികൾക്കും വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ കൊണ്ടുവരാൻ അനുവാദം നൽകിയതോടെ ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിൽ ഇൻഡിഗോയും സ്‌പൈസ്‌ജെറ്റും ഉൾപ്പെടയുള്ള വിമാനക്കമ്പനികൾ സർവീസ്‌ നടത്തും.

ഇൻഡിഗോ ഗൾഫിൽ നിന്നും നടത്തുന്ന 97 സർവീസുകളിൽ ആകെയുള്ള 10 മസ്കറ്റ് സർവീസുകളിൽ കൂടുതലും കേരളത്തിലേക്കായിരിക്കുമെന്ന് ഇൻഡിഗോ വക്താവ് ദീപികയോട് പറഞ്ഞു.തിങ്കളാഴ്ചയോടെ വിശദമായ ഷെഡ്യൂൾ ലഭ്യമാകും.

വിദേശകാര്യ വകുപ്പിന്‍റെ അഭ്യർഥന പ്രകാരം പ്രവാസികളെ നാട്ടിലെത്തിക്കാൻ വിവിധ രാജ്യങ്ങളിലെ കമ്പനികൾക്കുൾപ്പെടെ പ്രത്യേക വിമാനങ്ങൾ ചാർട്ടർ ചെയ്യാനാണ് ഇന്ത്യാ ഗവൺമെന്‍റ് കഴിഞ്ഞ ദിവസം തത്വത്തിൽ അംഗീകാരം നൽകിയത്. ഗർഭിണികൾ, തുടർചികിൽസ ആവശ്യമുള്ളവർ, വയോധികൾ ഉൾപ്പെടെ അടിയന്തരമായി നാടണയാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസകരമാണ് തീരുമാനം എന്നാൽ പ്രവാസികളുടെ കുത്തൊഴുക്കിന് ഇത് കാരണമായേക്കാം. ഇങ്ങനെ ചാർട്ടർ വിമാനങ്ങൾക്കുൾപ്പെടെ കേന്ദ്ര ഗവൺമെന്‍റ് അനുമതി നൽകുമ്പോൾ ഇവരെ സ്വീകരിക്കേണ്ട സംസ്ഥാനങ്ങൾ എത്രകണ്ട് സജ്ജമാണെന്നുള്ളത് ആശങ്കയുണർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ നാടിനിത്‌ പരീക്ഷണ ഘട്ടമാണ്. ബന്ധപ്പെട്ടവർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചാൽ മാത്രമേ ഈ പരീക്ഷണ ഘട്ടം വിജയിക്കുകയുള്ളു.

ദീർഘകാല അവധിക്ക് നാട്ടിലേക്ക് അയയക്കാൻ ജീവനക്കാരുടെ നീണ്ട പട്ടികയുമായി ചാർട്ടർ വിമാനത്തിനുള്ള അനുമതിക്കായി മസ്ക്കറ്റിലെ സൗദ് ബവാൻ കമ്പനിയുൾപ്പെടെ കാത്തിരിക്കുകയാണ്. ഇതിൽ നല്ല പങ്കും മലയാളികളും തമിഴ്നാട്ടുകാരുമാണ്.

ഒരു ദിവസത്തെ ഏറ്റവും ഉയർന്ന സംഖ്യ ഇന്നലെ

ഒമാനിൽ ഇന്നലെ 463 കോവിഡ് കേസുകളാണ് ആരോഗ്യ വകുപ്പ് രജിസ്റ്റർ ചെയ്തത്. കോവിഡ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിനുശേഷം ഒരു ദിവസം ഏറ്റവും കൂടുതൽ രോഗികൾ രജിസ്റ്റർ ചെയ്യപ്പെട്ടത് ഇന്നലെയാണ്. ഇതിൽ 253 പേർ വിദേശികളാണ് . 22 വിദേശികളും 12 സ്വദേശികളുമാണ് ഇന്നലെ വരെ മരണപ്പെട്ടിട്ടുള്ളത്.

റിപ്പോർട്ട്: സേവ്യർ കാവാലം