കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ രാജ്യത്തിന്‍റെ നായകന്‍മാര്‍: അമീർ ഷെയ്ഖ് സബാഹ്‌ അൽ അഹമദ്‌ അൽ സബാഹ്‌
Saturday, May 23, 2020 6:10 PM IST
കുവൈത്ത് സിറ്റി: കോവിഡ് മഹാമാരിയില്‍ മരിച്ചവരോടുള്ള സ്മരണ അഭിമാനത്തോടെ പുതുക്കുന്നുവെന്നും അവരെ സ്വര്‍ഗത്തിലെ രക്തസാക്ഷികളായാണ് കണക്കാക്കുന്നതെന്നും അമീർ ഷെയ്ഖ് സബാഹ്‌ അൽ അഹമദ്‌ അൽ സബാഹ്‌ പറഞ്ഞു. ഈദ് അൽ ഫിത്തറിന്‍റെ വരവിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാത്രിയും പകലുമില്ലാതെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നവര്‍ നമ്മുടെ നാടിന്‍റെ നായകന്മാരാണ്. ഇവരോടുള്ള നന്ദിയും കടപ്പാടും എത്ര പറഞ്ഞാലും മതിവരില്ലെന്നും അമീര്‍ പറഞ്ഞു. പുണ്യമാസത്തിന്‍റെ പവിത്രത പോലും കളങ്കപ്പെടുത്തുന്ന രീതിയില്‍ രാജ്യത്ത് ഊഹാപോഹങ്ങളും കുപ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചരിക്കുന്നതില്‍ അമീര്‍ കടുത്ത ഖേദം പ്രകടിപ്പിച്ചു. കോവിഡിനെ ഉന്മൂലനം ചെയ്യുന്നതില്‍ ക്രിയാത്മകവും ഉത്തരവാദിത്തമുള്ളതുമായ പങ്ക് വഹിക്കാൻ മാധ്യമങ്ങള്‍ തയാറാകണമെന്നും സര്‍ക്കാരിന്‍റെ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അമീര്‍ പറഞ്ഞു.

കൊറോണ വൈറസ് ഒരുപാട് പുതിയ പാഠങ്ങളാണ് നമ്മേ പഠിപ്പിക്കുന്നത്. കോവിഡിനു ശേഷമുള്ള നാളത്തെ ലോകം മുമ്പുള്ളതുപോലെ ആയിരിക്കില്ല. ആരോഗ്യ, സാമ്പത്തിക, സാമൂഹിക മേഖലകളില്‍ വലിയ പ്രത്യാഘാതമായിരിക്കും കോവിഡ് അവശേഷിപ്പിക്കുക. ഗുരുതരമായ വെല്ലുവിളിയെ നേരിടാൻ സർക്കാരും ദേശീയ അസംബ്ലിയും നവീനമായ സമീപനങ്ങള്‍ സ്വീകരിക്കണം. ഒത്തരുമയോടെ ഒന്നിച്ച് നമുക്ക് ഈ വിപത്തിനെ തടക്കുവാന്‍ സാധിക്കുമെന്ന് അമീര്‍ ആഹ്വാനം ചെയ്തു. സാധാരണ ജീവതത്തിലേക്ക് സര്‍വശക്തന്‍റെ അനുഗ്രഹത്തോടെ ഉടന്‍ തന്നെ നമുക്ക് പ്രവേശിക്കാനാകും. അള്ളാഹുവിന്‍റെ കരുണയാലും കൃപയാലും അവന്‍ തന്നെ ഈ ഇരുട്ട് ഇല്ലാതാക്കും. ഈദിന്‍റെ വരവ് പ്രത്യാശയുടെയും ശുഭാപ്തിവിശ്വാസത്തിന്റെയും ചൈതന്യം വർധിപ്പിക്കും. നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തെ കാത്തുസൂക്ഷിക്കാനും ഈ മഹാമാരി നീക്കം ചെയ്യാനും ഈ ദുരവസ്ഥയിൽ നിന്ന് എല്ലാ മനുഷ്യവർഗത്തെയും മോചിപ്പിക്കാനും ഈ അനുഗ്രഹീത നാളുകളിൽ സർവശക്തനോട് പ്രാർഥിക്കാന്‍ അമീര്‍ ആഹ്വാനം ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ