കുവൈത്തിൽ വൈദ്യുതി വകുപ്പിലെ ജീവനക്കാര്‍ക്ക് കോവിഡ്
Friday, May 22, 2020 7:23 AM IST
കുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ വൈദ്യുതി വകുപ്പിലെ 61 ജീവനക്കാര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. കൊറോണ സംശയത്തെ തുടര്‍ന്ന് നിരവധി ജീവനക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയിരുന്നു. ദോഹ വെസ്റ്റ് സ്റ്റേഷന്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ വൈദ്യുതി പ്ലാന്‍റുകളിലെ ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും കോവിഡ് സ്ഥിരീകരിച്ചതായും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നു വിദേശികളുടെ നിയമനം നിർത്തിവയ്ക്കാനും നിലവിൽ ജോലി ചെയ്യുന്ന വിദേശികളുടെ കരാറുകള്‍ പുനഃപരിശോധിക്കാനും മന്ത്രാലയം നീക്കം തുടങ്ങി. സർക്കാർ മേഖലയിലുള്ള വിദേശികളെ ഒഴിവാക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് പുതിയ നടപടിയെന്ന് സൂചന.

റിപ്പോർട്ട്: സലിം കോട്ടയിൽ