കുവൈറ്റിലുള്ള ഇന്ത്യൻ വിദ്യാർഥികളുടെ അരക്ഷിതാവസ്ഥ പരിഹരിക്കുക: കല കുവൈറ്റ്‌
Thursday, May 21, 2020 8:57 PM IST
കുവൈറ്റ്‌ സിറ്റി: കുവൈറ്റിലുള്ള ഇന്ത്യൻ വിദ്യാർഥികളുടെ അരക്ഷിതാവസ്ഥ പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്‌ ആവശ്യപ്പെട്ടു.

സിബിഎസ്ഇ പരീക്ഷ പൂർത്തിയാക്കിയ കുട്ടികളുടെ ഉപരിപഠന സാധ്യതകൾ കോവിഡ് പശ്ചാത്തലത്തിൽ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 10,12 ക്ലാസുകളുടെ പരീക്ഷ പൂർത്തിയായിട്ടില്ല. ഈ പരീക്ഷകളെ സംബന്ധിച്ച് അന്തിമ തീരുമാനം സിബിഎസ്ഇ ഇതു വരെ എടുത്തിട്ടില്ല. കുട്ടികളുടെ പ്രഫഷണൽ കോഴ്സുകളുടെയും മറ്റു ബിരുദ പഠനങ്ങൾക്കുമുള്ള അഡ്മിഷൻ നീണ്ടുപോകാനുള്ള സാധ്യതയുണ്ട്. നീറ്റ് ഉൾപ്പടെ വിവിധ പ്രഫഷണൽ കോഴ്സുകളുടെ പ്രവേശന പരീക്ഷാ തീയതികൾ ഇതിനോടകം തന്നെ പ്രഖ്യാപിച്ച സാഹചര്യത്തിൽ നാട്ടിലേക്ക് വരുന്ന കുട്ടികൾക്ക് വിവിധ ക്ലാസുകൾക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതിന് ഇടപെടൽ ഉണ്ടാവണമെന്നും‌ വിമാന സൗകര്യം സംബന്ധിച്ച് തീരുമാനമാകാത്ത സാഹചര്യത്തിൽ കുവൈത്ത് ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നു കല കുവൈറ്റ് പ്രസിഡന്‍റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ അഭ്യർഥിച്ചു. ഈ വിഷയം ഉന്നയിച്ചു പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത് കുമാറും മുഖ്യമന്ത്രിക്ക് കത്ത് അയച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ