കുവൈത്തിൽ റസിഡൻഷ്യൽ കെട്ടിടങ്ങളില്‍ റാപ്പിഡ് ടെസ്റ്റ്, വൈറസ് കേസുകളുടെ ഫലം അതിവേഗം
Thursday, April 2, 2020 8:04 AM IST
കുവൈത്ത് സിറ്റി : കൊറോണ പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുൻകരുതൽ നടപടികളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സംഘങ്ങൾ കെട്ടിടങ്ങളിലെ താമസക്കാരിൽ റാപ്പിഡ് ടെസ്റ്റ് നടത്തുന്നതായി അൽ-റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

സാമൂഹ്യ വ്യാപനം പെട്ടെന്ന് തിരിച്ചറിയേണ്ടതിനാലാണ് അതിവേഗം ഫലം ലഭിക്കുന്ന റാപ്പിഡ് ടെസ്റ്റിലേക്ക് ആരോഗ്യവകുപ്പ് ചുവടുമാറുന്നത്. കഴിഞ്ഞ ദിവസം വിദേശികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും 25 പേര്‍ക്ക് കൊറോണ വൈറസ് സംശയത്തെ തുടര്‍ന്നാണ് ജലീബിലെ പാർപ്പിട കെട്ടിടം നിരീക്ഷണത്തിലാക്കിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

അതേസമയം മഹബുള്ളയിലെ ഒരു കെട്ടിടത്തില്‍ നിരവധി കൊറോണ ബാധിതര്‍ ഉണ്ടെന്ന സംശയത്താല്‍ കെട്ടിട്ടം ക്വാറന്‍റൈൻ ചെയ്തതായും നിരീക്ഷണത്തില്‍ വച്ചതായും വര്‍ത്തകളുണ്ട്.

കൊറോണ വൈറസ് ബാധ പടരുമ്പോഴും സമൂഹ്യ വ്യാപനമുണ്ടായോ എന്നറിയാന്‍ റാപ്പിഡ് ടെസ്റ്റാണ് ഫലപ്രദമായി ഉപയോഗപ്പെടുത്തുക. സമൂഹത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സാഹചര്യം നിയന്ത്രണ വിധേയമാക്കാന്‍ ഇതുവഴി അധികൃതർക്ക് സാധിക്കും. ഇതിനു ചെലവും കുറവാണ്. വൈറസ് ഒരാളുടെ ശരീരത്തില്‍ പ്രവേശിച്ച് ഏതാനം ദിവസങ്ങള്‍ കഴിഞ്ഞ ശേഷം മാത്രമേ റാപ്പിഡ് ടെസ്റ്റിലൂടെ ഫലം അറിയാന്‍ സാധിക്കു. നിലവില്‍ നിരീക്ഷണത്തിലുള്ളവരിലും അവരുമായി ബന്ധപ്പെട്ടവര്‍ തുടങ്ങിയ എല്ലാവരിലും അതിവേഗം പരിശോധന നടത്തി ഫലമറിയാന്‍ റാപ്പിഡ് ടെസ്റ്റ് സഹായിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ