സൗദിയിൽ ആഭ്യന്തര യാത്രക്ക് പെർമിറ്റ് നല്കാൻ പ്രത്യേക സമിതി
Tuesday, March 31, 2020 5:41 PM IST
റിയാദ്: സൗദി അറേബ്യയിലെ 13 പ്രവിശ്യകളിലെ യാത്രാവിലക്ക് നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യത്തിലുള്ള ആഭ്യന്തര യാത്രാ അനുമതി നൽകുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചു. മാർച്ച് 16 മുതൽ 21 ദിവസത്തേക്കാണ് കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് സൽമാൻ രാജാവ് യാത്ര വിലക്ക് ഏർപ്പെടുത്തിയത്.

സൗദി പൊതുസുരക്ഷാ വിഭാഗത്തിന്‍റെ ഡയറക്ടർ ജനറൽ ഓഫീസുമായി സഹകരിച്ചു കൊണ്ടാണ് ഈ സമിതി രൂപീകരിച്ചതെന്ന് പൊതുസുരക്ഷാ വിഭാഗം വക്താവ് അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വളരെ അടിയന്തര ഘട്ടങ്ങളിൽ ഒരു പ്രവിശ്യയിൽ നിന്നും മറ്റൊരു പ്രവിശ്യയിലേക്ക് യാത്ര ചെയ്യേണ്ടവർക്ക് വ്യക്തമായ കാരണങ്ങൾ സഹിതം അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷകൾ [email protected] എന്ന ഇമെയിൽ വിലാസത്തിലാണ് അയയ്ക്കേണ്ടത്. യാത്ര ചെയ്യാനുദ്ദേശിക്കുന്ന ദിവസം ഏതു വിധേനയാണ് ആശയവിനിമയം നടത്തേണ്ടത് എന്നീ വിവരങ്ങളോടൊപ്പം യാത്ര ചെയ്യാനുള്ള അടിയന്തര സാഹചര്യവും ഇമെയിലിൽ വിശദീകരിക്കണം. അതോടൊപ്പം തന്നെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും യാത്രികൻ സ്വീകരിച്ചിരിക്കുന്നു എന്നു ഉറപ്പു വരുത്തുകയും വേണം എന്ന് പൊതു സുരക്ഷാ വിഭാഗം വക്താവ് പറഞ്ഞു.

തിങ്കളാഴ്ച വരെ സൗദി അറേബ്യയിൽ 1453 കൊറോണ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 115 പേർ രോഗ മുക്തരായി. 22 പേർ ഗുരുതരാവസ്ഥയിലുള്ളവരാണ്. എട്ടു പേരാണ് ഇതു വരെ രാജ്യത്ത് മരണപ്പെട്ടത്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ