"വ്യാജവാർത്തകളും കിംവദന്തികളില്‍ നിന്നും വിട്ടുനില്‍ക്കണം'
Monday, March 30, 2020 5:30 PM IST
കുവൈത്ത് സിറ്റി: കോവിഡ് ഭീഷണിക്കാലത്ത് അഭ്യൂഹങ്ങളും വ്യാജവാർത്തകളും പോസ്റ്റുചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ജനങ്ങളുടെ മനോവീര്യത്തെയും ഗുരുതരമായ ആരോഗ്യ വെല്ലുവിളിയെ നേരിടാനും മറികടക്കാനുമുള്ള രാജ്യത്തിന്‍റെ കഴിവിനെ ദോഷകരമായി ബാധിക്കുമെന്ന് കുവൈറ്റ് അക്കാഡമിക് വിദഗ്ധർ അഭിപ്രായപ്പെട്ടു.

കിംവദന്തികൾ സമൂഹത്തെ ദോഷകരമായി ബാധിക്കുകയും ജനങ്ങളില്‍ പരിഭ്രാന്തിയും ഭയവും ഉളവാക്കുകയും ചെയ്യുന്നുവെന്ന് കുവൈറ്റ് യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി പ്രഫസർ ഡോ. അലി അൽ സുബി പറഞ്ഞു.

മാരകമായ വൈറസ് പടർന്നുപിടിച്ചതിനാൽ ആളുകൾ ഇതിനകം വളരെയധികം മാനസിക സമ്മർദ്ദത്തിലാണ്. കൊറോണക്കെതിരെ ഒരു മരുന്നും കണ്ടെത്തിയിട്ടില്ല. വ്യാജവാർത്തകളും കിംവദന്തികളും പ്രചരിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന് അലി അൽ സുബി മുന്നറിയിപ്പു നൽകി. ഏതെങ്കിലും വിവരങ്ങൾ പോസ്റ്റുചെയ്യുന്നതിന് മുമ്പ് അതിന്‍റെ വിശ്വാസ്യത പരിശോധിക്കണം. കിംവദന്തികൾ അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്തം എല്ലാവർക്കുമുള്ളതാണ്, ഈ നിർണായക സമയത്ത് ഇത് ദേശീയ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക സുരക്ഷയെ ദുർബലപ്പെടുത്തുന്നതും ഭയം പ്രചരിപ്പിക്കുന്നതുമായ വിവരങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും സൂബി ജനങ്ങളോട് അഭ്യർഥിച്ചു. രാജ്യത്തിന്‍റെ ഔദ്യോഗിക സ്രോതസുകളിൽ നിന്നും സർക്കാരിന്‍റേയും മന്ത്രാലയങ്ങളുടെയും വക്താക്കൾ, വിവര മന്ത്രാലയം, കുവൈറ്റ് വാർത്താ ഏജൻസി എന്നിവയിൽ നിന്നു മാത്രം വിവരങ്ങൾ തേടാനും അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു. കഠിനമായ ശിക്ഷാനടപടികളാൽ ഭീഷണിപ്പെടുത്തുന്നതിനേക്കാൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതാണ് നല്ലതെന്ന് പ്രഫസർ ഡോ. അലി അൽ സുബി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ