ദീര്‍ഘകാല അവധി കുട്ടികളെ ബാധിക്കുമെന്ന് അക്കാദമിക് വിദഗ്ധര്‍
Friday, March 27, 2020 12:23 PM IST
കുവൈറ്റ് സിറ്റി : ദീര്‍ഘകാലം വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടക്കുന്നത് വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെ ബാധിക്കുമെന്ന് ആശങ്ക. കോവിഡ് ഭീഷണിയുടെ സാഹചര്യത്തില്‍ കുവൈത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആറ് മാസത്തോളമാണ് അടഞ്ഞു കിടക്കുവാന്‍ പോകുന്നത്. ഫെബ്രുവരിയില്‍ അടച്ച സ്‌കൂള്‍ അവധി കഴിഞ്ഞ് പ്ലസ് ടൂ വിദ്യാര്‍ഥികള്‍ക്ക് ആഗസ്ത് ആദ്യ വാരത്തിലും മറ്റ് ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ ആദ്യത്തിലാണ് അധ്യയനം ആരംഭിക്കുക.

ദീര്‍ഘകാലം പഠനവുമായി അകന്ന് നില്‍ക്കുകയും പാഠ്യ പ്രവര്‍ത്തനങ്ങളൊന്നുമില്ലാതെ വീടുകളില്‍ താമസിക്കുകയും ചെയ്യുന്നത് കുട്ടികളുടെ വിദ്യാഭ്യാസ നേട്ടത്തെയും സാമൂഹികവും മാനസികവുമായ വശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വിദ്യഭ്യാസ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. പഠനത്തിന് ബദലുകളൊന്നും ഇല്ലാത്തത് വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നേട്ടത്തെ ബാധിക്കുമെന്നും കുട്ടികളുടെ പഠന നിലവാരം കുറയാനും ഇടയാക്കും. ലോവര്‍ പ്രൈമറിയിലേയും അപ്പര്‍ പ്രൈമറിയിലേയും പഠിതാക്കള്‍ക്കിടയില്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുമെന്നും കുട്ടികളുടെ കഴിവുകളെ വലിയ അളവില്‍ നീണ്ട അവധി ബാധിക്കുമെന്നും അക്കാദമിക് വിദഗ്ധര്‍ പറഞ്ഞു. കോളേജുകള്‍ അടഞ്ഞ് കിടക്കുന്നത് ഉന്നത വിദ്യഭ്യാസ രംഗത്തെയും പ്രതിസന്ധി രൂക്ഷമാക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍