കുവൈത്ത് വിമാനത്താവളം കൊറോണ വൈറസ് പരിശോധനക്ക് പൂര്‍ണ സജ്ജം
Wednesday, March 25, 2020 11:37 PM IST
കുവൈത്ത് സിറ്റി : വിദേശത്തുനിന്നും മടങ്ങി വരുന്ന പൗരന്മാരെ സ്വീകരിക്കാനും കൊറോണ വൈറസ് സാന്നിധ്യം വേഗത്തിൽ കണ്ടുപിടിക്കാൻ കഴിയുന്ന ഉപകരണങ്ങളും സംവിധാനങ്ങളും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സജ്ജമായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

വിമാനത്തില്‍ നിന്നും 40 യാത്രക്കാര്‍ മാത്രമായി ഘട്ടം ഘട്ടമായി പുറത്ത് ഇറക്കാനും തുടര്‍ന്ന് അവരുടെ വിവരങ്ങള്‍ ശേഖരിച്ച് ആരോഗ്യ മന്ത്രാലയത്തിലെ സിസ്റ്റത്തില്‍ ശേഖരിക്കുകയും ചെയ്യും. അതിനുശേഷം പാസ്‌പോർട്ടുകൾ സ്റ്റാമ്പ് ചെയ്യാൻ പൗരന്മാരെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ കൗണ്ടറിലേക്ക് കൊണ്ടുപോകും. തുടര്‍ന്നു കസ്റ്റംസ് ഹാളില്‍ നിന്നും ലഗേജുകള്‍ പരിശോധിച്ച് 40 കസേരകള്‍ സജ്ജീകരിച്ചിരിക്കുന്ന വെയിറ്റിംഗ് റൂമിലേക്ക് എത്തിക്കുകയും യാത്രക്കാര്‍ക്ക് ഭക്ഷണം നൽകുകയും ചെയ്യും. പിന്നീട് മെഡിക്കൽ എക്സാമിനേഷൻ ഹാളിലേക്ക് കൊണ്ടുപോകുന്ന പൗരന്മാരെ നാല്പതോളം ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് പിസിആർ പരിശോധന അടക്കമുള്ള ആവശ്യമായ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കും. കൊറോണ വൈറസ് ബാധിച്ചതായി സംശയിക്കുന്നവരെ വ്യക്തിഗതമായി കൈകാര്യം ചെയ്യുന്നതിനായി നേരിട്ട് ഇൻസുലേഷൻ റൂമുകളിലേക്ക് മാറ്റുകയും വൈദ്യപരിശോധന സുരക്ഷിതമാണെന്ന് തെളിയിക്കപ്പെടുന്ന പൗരന്മാരെ ആരോഗ്യ മന്ത്രാലയത്തിന്‍റെ കീഴില്‍ നിര്‍ബന്ധിത 14 ദിവസത്തെ ഏകാന്ത വാസത്തിന് അയക്കുകയും ചെയ്യും.

40 പേരുടെ ഓരോ ബാച്ചിനു ശേഷവും പരിസരം അണുവിമുക്തമാക്കിയതിനുശേഷം മാത്രമേ പുതിയ ബാച്ചിനെ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാവിധ മെഡിക്കല്‍ സൗകര്യങ്ങളും സംവിധാനങ്ങളും അടങ്ങിയതാണ് പരിശോധന കേന്ദ്രമെന്നും രാജ്യത്തേക്ക് വരുന്നവർ കോവിഡ് -19 മുക്തമാണെന്ന് ഉറപ്പാക്കുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ