വിദേശത്തു കുടുങ്ങിയ പൗരന്മാരെ ഉടൻ നാട്ടിലേത്തിക്കുമെന്ന് കുവൈത്ത് സ്പീക്കര്‍ മര്‍സൂക്ക് അല്‍ ഗാനിം
Wednesday, March 25, 2020 1:11 AM IST
കുവൈത്ത് സിറ്റി: വിദേശത്തു കുടുങ്ങിക്കിടക്കുന്ന കുവൈറ്റ് പൗരന്മാരുടെ മടങ്ങിവരവ് ഉടൻ ആരംഭിക്കുമെന്ന് ദേശീയ അസംബ്ലി സ്പീക്കർ മര്‍സൂക്ക് അല്‍ ഗാനിം പ്രഖ്യാപിച്ചു. പാർലമെന്‍റ് സമ്മേളനം അവസാനിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാംക്രമിക രോഗങ്ങൾ തടയുന്നതിനായി ആരോഗ്യ മുൻകരുതലുകളുമായി ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതി വരുത്താന്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയതായും അല്‍ ഗാനിം അറിയിച്ചു. അതിനിടെ സ്വദേശികളെ കൊണ്ടുവരുന്നതിനായുള്ള ആദ്യ വിമാനം നാളെ പുറപ്പെടുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ബഹറിൻ, അബുദാബി എന്നിവിടങ്ങളിൽ നിന്നും 1,400 കുവൈത്തി പൗരന്മാരെയാണ് കുവൈറ്റ് എയർവേയ്‌സ്, ജസീറ എയർവേസ് വിമാനങ്ങളില്‍ കൊണ്ടുവരുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ