ലുലു "ഇന്ത്യ ഉത്സവ് 2020' സംഘടിപ്പിച്ചു
Monday, January 27, 2020 6:45 PM IST
കുവൈത്ത്: ഗള്‍ഫ് മേഖലയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് ഇന്ത്യയുടെ 71 -ാമത് റിപ്പബ്ലിക് ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഇന്ത്യ ഉത്സവ് 2020" ഇന്ത്യൻ അംബാസഡർ എച്ച്. കെ. ജീവ സാഗർ അൽ റായ് ഔട്ട്‌ലെറ്റിൽ ഉദ്ഘടനം ചെയ്തു.

വിവിധ സംസ്ഥാനങ്ങളുടെ വൈവിധ്യവും തനിമയും വിളിച്ചോതുന്ന ഇന്ത്യന്‍ പൈതൃക വേഷങ്ങളും ആധുനിക ഫാഷന്‍ ഷോയും എല്ലാം ഇന്ത്യയുടെ ദേശീയ ഐക്യം വെളിപ്പെടുത്തുന്നതായിരുന്നു. ഇന്ത്യന്‍ ദേശീയതയുടെ അടയാളങ്ങളായ ഇന്ത്യ ഗേറ്റ്, താജ്മഹല്‍, തലയാട്ടി നടന്നു നീങ്ങുന്ന കുട്ടിയാനയും തനത് നൃത്തരൂപങ്ങളായ മോഹിനിയാട്ടവും ഭാരത നാട്ട്യവും, കുച്ചുപ്പുടി, ഗര്‍ബ, ബാംഗ്രയും ശിങ്കാരി മേളവും സമ്മേളിച്ചപ്പോള്‍ കാണികള്‍ക്ക് വിസ്മയമായി.

കുവൈത്തിലെ എല്ലാ ലുലു ശാഖകളിലും 10 ദിവസം നീണ്ടുനിൽക്കുന്ന പ്രമോഷണൽ കാന്പയിനിൽ ഫാഷൻ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള വ്യത്യസ്ഥമായ ഇന്ത്യൻ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം തന്നെയാണ് ഒരുക്കിയിരിക്കുന്നത്. വൈവിധ്യങ്ങളായ പലതരം രുചികരമായ ഇന്ത്യൻ വിഭവങ്ങളുടെ സ്റ്റാളുകളും രാജ്യത്തിന്‍റെ വലിയ ടൂറിസം സാധ്യതകൾ വെളിപ്പെടുത്തുന്ന പരമ്പരാഗത ഇന്ത്യൻ സ്മാരകങ്ങളുടെ ചെറിയ പതിപ്പുകളും ഉല്‍സവത്തിന്‍റെ ഭാഗമായി തയാറിക്കിയിട്ടുണ്ട്. ഇന്ത്യ ഉത്സവ് 2020 മേള ജനുവരി 29 ന് അവസാനിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ