പ്രഫ. കെ.ജെ ജോസഫിനും ഗോപാല്‍ജിക്കും എബ്രഹാം ലിങ്കണ്‍ പുരസ്‌കാരം
Wednesday, January 15, 2020 7:47 PM IST
ദോഹ : യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്‍റര്‍നാഷണലിന്‍റെ ഈ വര്‍ഷത്തെ ഏബ്രഹാം ലിങ്കണ്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ക്ക് പ്രഫ കെ.ജെ. ജോസഫിനെയും (അവയര്‍നെസ് & എസ്‌കേപ്പ്) ഗോപാല്‍ജിയെയും (കൃഷ്ണ നീലീമയില്‍ ഒരു പച്ചപ്പൊട്ടായി രാധ) തെരഞ്ഞെടുത്തു. സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, സംരംഭക മേഖലകളില്‍ മികവ് തെളിയിക്കുന്നവര്‍ക്കാണ് ഈ പുരസ്കാരം നൽകുന്നത്.

ജനുവരി 19നു (ഞായർ) ചെന്നൈ വെസ്റ്റിന്‍ പാര്‍ക്ക് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്യും.

ബാംഗ്ലൂര്‍ ഗാര്‍ഡന്‍ സിറ്റി ഡീംഡ് യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പില്‍ നിന്നും വിരമിച്ച പ്രഫ. കെ.ജെ ജോസഫ് കര്‍ണാടക സ്‌റ്റേറ്റ് ബാര്‍ കൗണ്‍സില്‍, ബാംഗ്ലൂര്‍ അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ എന്നിവയിൽ അംഗമാണ്.

ചിന്തയും ജീവിത വിജയവും (വിവര്‍ത്തനം), എ സിംപിള്‍ അപ്രോച്ച് ടു ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയൂഷന്‍, കണ്‍വര്‍ജന്‍സ് ഓഫ് ഹ്യൂമന്‍ റൈറ്റ് ആൻഡ് ഫണ്ടമെന്റല്‍ റൈറ്റ്‌സ് ഇന്‍ ദ ഇന്ത്യന്‍ കോണ്‍സിറ്റിറ്റിയൂഷന്‍, ബ്രീഫ് നോട്ട്‌സ് ഓണ്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലെപ്‌മെന്റ്, തിരിച്ചറിവ് (മലയാളം നോവല്‍), സാരോപദേശ കഥകള്‍ എന്നിവയാണ് മറ്റു കൃതികള്‍.

സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായ ഗോപാല്‍ജിയുടെ ആദ്യ ചെറുകഥ സമാഹാരമാണ് കൃഷ്ണ നീലീമയില്‍ ഒരു പച്ചപ്പൊട്ടായി രാധ. ഈ കൃതിക്ക് കേരള സാഹിത്യ സമിതി അവാര്‍ഡ്. എസ്.കെ പൊറ്റെക്കാട് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. രഹസ്യ കാമനകള്‍, അണ്‍ പോളിഷ്ഡ് റിഗ്രറ്റ്‌സ്, എന്നിവയാണ് മറ്റുകൃതികള്‍.

സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്‍റര്‍നാഷണല്‍ പ്രസിഡന്‍റ് ഡോ. എസ്. ശെല്‍വിന്‍കുമാര്‍ പറഞ്ഞു.